
പെരിന്തൽമണ്ണയിൽ ഭാര്യയെയും മകളെയും ഗുഡ്സ് ഓട്ടോയിൽ സ്ഫോടനം നടത്തി കൊലപ്പെടുത്തിയ മുഹമ്മദ് പോക്സോ കേസ് പ്രതിയെന്ന് പൊലീസ്. ആസൂത്രിതമായാണ് ഭാര്യയെയും മകളെയും കൊലപ്പെടുത്തിയതെന്നും പെരിന്തൽമണ്ണ ഡിവൈഎസ്പി സന്തോഷ് മാധ്യമങ്ങളോട് പറഞ്ഞു. കാസർകോടാണ് മുഹമ്മദിനെതിരെ പോക്സോ കേസുള്ളത്. ഇയാൾ മറ്റൊരു വിവാഹം കഴിച്ചെന്നും സൂചനയുണ്ടെന്നും പൊലീസ് പറഞ്ഞു. ഭാര്യയെയും കുട്ടികളെയും കൂട്ടത്തോടെ കൊല്ലാനാണ് ഇയാൾ പദ്ധതിയിട്ടത്. അതിനായി എല്ലാ സജ്ജീകരണങ്ങളുമുണ്ടായിരുന്നു. ഗുഡ്സ് ഓട്ടോയിൽ സ്ഫോടക വസ്തുക്കളായിരുന്നെന്നും പൊലീസ് വ്യക്തമാക്കി. പരിക്കേറ്റ മറ്റൊരു കുട്ടി കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലാണ്.
പാണ്ടിക്കാട് പലയന്തോൾ മുഹമ്മദാണ് ഭാര്യ ജാസ്മിൻ മകൾ ഫസ എന്നിവരെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. സാരമായി പരിക്കേറ്റ ഇവരുടെ രണ്ടാമത്തെ മകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജാസ്മിനേയും രണ്ടുമക്കളേയും ഗുഡ്സ് ഓട്ടോയിലിട്ട് കത്തിച്ച ശേഷം ഭർത്താവായ മുഹമ്മദ് തീ കൊളുത്തി കിണറ്റിൽ ചാടിയെന്നാണ് നിഗമനം. ഭാര്യയുടെ തറവാട് വീട്ടിന് സമീപം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. പതിനൊന്നു വയസ്സുള്ള ഫസയും ജാസ്മിനും ഗുഡ്സ് ഓട്ടോയ്ക്ക് അകത്ത് കുടുങ്ങിയ നിലയിലായിരുന്നു.
കാസർഗോഡ് ആണ് മുഹമ്മദ് ജോലിചെയ്യുന്നതെന്നും ഇന്നുരാവിലെ ഇവിടെ എത്തിയ ഇയാൾ ഭാര്യയേയും മക്കളേയും അടുത്തുള്ള റബ്ബർ തോട്ടത്തിന് സമീപത്തേക്ക് ഫോൺ ചെയ്തു വിളിച്ചു വരുത്തുകയുമായിരുന്നുവെന്നാണ് വിവരം. ഇവിടെ വച്ച് മുഹമ്മദും ഭാര്യയും തമ്മിൽ വാക്കേറ്റമായി. പിന്നാലെ ഭാര്യയേയും രണ്ടു മക്കളേയും വണ്ടിയിൽ കേറ്റി ഇയാൾലോക്ക് ചെയ്തു. ഈ സമയത്ത് ജാസ്മിൻ്റെ സഹോദരിമാർ ബഹളം കേട്ട് സ്ഥലത്തേക്ക് എത്തി. മുഹമ്മദ് വാഹനത്തിന് തീകൊളുത്തിയ കണ്ട സഹോദരിമാരിൽ ഒരാൾ രണ്ടു കുട്ടികളിൽ ഒരാളെ വലിച്ചു പുറത്തേക്കിട്ടു. കത്തുന്ന വാഹനത്തിൽ നിന്നും രക്ഷപ്പെടുത്തിയ അഞ്ചു വയസ്സുകാരി സാരമായി പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വാഹനം കത്തിക്കാൻ മുഹമ്മദ് സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ട് എന്നാണ് വിവരം. അഞ്ചും, പതിനൊന്നും വയസ്സുള്ള രണ്ട് കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ഇതു കൂടാതെ മറ്റൊരു പെൺകുട്ടിയും ഈദമ്പതികൾക്ക് ഉണ്ടെങ്കിലും സംഭവസമയത്ത് ഈ കുട്ടി സ്ഥലത്തുണ്ടായിരുന്നില്ല. വലിയ സ്ഫോടന ശബ്ദത്തോടെയാണ് വാഹനം കത്തിയത് എന്നാണ് പ്രദേശവാസികൾ പറയുന്നത്. ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികൾ വെള്ളമൊഴിച്ച് തീകെടുത്താൻ നോക്കിയെങ്കിലും പെട്ടെന്ന് വാഹനത്തിൽ നിന്നും വീണ്ടും സ്ഫോടനം ഉണ്ടായി ഇതോടെ ആളുകൾക്ക് രക്ഷാപ്രവർത്തനം സാധിക്കാത്ത സ്ഥിതിയാണ്. തുടർന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർസ്ഥലത്ത് എത്തിയാണ് തീയണച്ചത്. ഇതിനോടകം അരമണിക്കൂറോളം ജാസ്മിനും മകളും അടങ്ങിയ വാഹനം നിന്നു കത്തി. വാഹനം കത്തിച്ച ഉടനെ തന്നെ സ്വയം തീകൊളുത്തിയ മുഹമ്മദ് ഓടി അടുത്തുള്ള കിണറ്റിലേക്ക് ചാടി ആത്മഹത്യചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam