പെരുമ്പാവൂർ കൊല ക്രൂര ബലാത്സംഗത്തിനൊടുവിൽ, പത്തിലേറെ തവണ തൂമ്പ കൊണ്ട് തലയ്ക്കടിച്ചു

By Web TeamFirst Published Nov 27, 2019, 5:41 PM IST
Highlights

അറസ്റ്റിലായ അസം സ്വദേശിയായ ഉമർ അലി മദ്യപിച്ചാണ് താൻ കൃത്യം നടത്തിയതെന്ന് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. റോഡരികിൽ നിന്ന സ്ത്രീയെ വലിച്ചിഴച്ച് ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോയി. 

പെരുമ്പാവൂർ: പെരുമ്പാവൂർ ടൗണിൽ അർധരാത്രി കുറുപ്പുംപടി സ്വദേശി ദീപ (42)യെന്ന സ്ത്രീയെ പ്രതിയായ ഉമർ അലി കൊലപ്പെടുത്തിയത് ക്രൂരമായ ബലാത്സംഗത്തിനൊടുവിൽ. അർധരാത്രി ഒരു മണിയോടെ റോഡിൽ നിൽക്കുകയായിരുന്ന ദീപയെ പ്രതി വലിച്ചിഴച്ച് ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോയി. തൂമ്പ ഉപയോഗിച്ച് പത്തിലേറെ തവണ തലയ്ക്ക് അടിച്ചുവെന്നും താൻ മദ്യപിച്ചിരുന്നുവെന്നും പ്രതി പൊലീസിനോട് സമ്മതിച്ചു. അസമിലെ സദർ സ്വദേശിയാണ് ഇരുപത്തിയേഴുകാരനായ ഉമർ അലി.

രാത്രി പന്ത്രണ്ടേമുക്കാലോടെയാണ് സംഭവം. കുറുപ്പുംപടി സ്വദേശിയായ ദീപ റോഡരികിൽ നിൽക്കുകയായിരുന്നു. ഈ വഴി വന്ന ഉമർ അലി, പ്രതി വലിച്ചിഴച്ച് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി. 

സമയം ഏതാണ്ട് അർധരാത്രി കഴിഞ്ഞ് ഒരു മണിയായിരുന്നു. റോഡിന്‍റെ ഒരു വശത്തുള്ള ഹോട്ടലിന്‍റെ പിൻവശത്തേക്കാണ് ദീപയെ പിടിച്ച് വലിച്ച് കൊണ്ടുപോയത്. ഇവിടെ കണ്ട തൂമ്പ ഉപയോഗിച്ച് പത്തിലേറെ തവണ ഉമർ അലി ദീപയുടെ തലയ്ക്ക് അടിച്ചു. ഇതോടെ ദീപയ്ക്ക് ബോധം നഷ്ടമായി. ഇതിന് ശേഷം ഉമർ അലി ഇവരെ ബലാത്സംഗം ചെയ്തു. 

പോകാനൊരുങ്ങവെ വീണ്ടും തലയ്ക്ക് തൂമ്പയെടുത്ത് അടിച്ച് മരണം ഉറപ്പാക്കിയെന്നും ഉമർ അലി വ്യക്തമാക്കി. കൊലപാതകം നടത്തിയത് 1.08-നും 1.14-നും ഇടയിലാണെന്നും ഉമർ അലി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. യുവതിയെ വലിച്ചിഴച്ച് കൊണ്ടുവന്നിടുന്നതിന് പുറമേ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് പൊലീസിന് കൊലപാതകം നടത്തിയത് ഉമർ തന്നെയാണെന്ന് വ്യക്തമായത്. 

തിരികെ പോകുന്ന വഴിയ്ക്കാണ് ഹോട്ടലിന് മുന്നിലുള്ള സിസിടിവി പ്രതി കണ്ടത്. ഇതോടെ, സിസിടിവിയും തല്ലിപ്പൊളിച്ചാണ് ഉമർ അലി പോയത്. എന്നാൽ സിസിടിവി തല്ലിപ്പൊളിക്കുന്ന ദൃശ്യങ്ങൾ അടക്കം സിസിടിവി ഹാർഡ് ഡിസ്കിൽ പതിഞ്ഞിട്ടുണ്ട്. 

രാവിലെ ഹോട്ടല്‍ തുറക്കാൻ എത്തിയ ജീവനക്കാരാണ് മൃതദേഹം കണ്ടത്. നഗ്നമായ നിലയിലായിരുന്നു സ്ത്രീയുടെ മൃതദേഹം. സിസിടിവി ദൃശ്യങ്ങളില്‍നിന്ന് പ്രതിയെ തിരിച്ചറിഞ്ഞ പൊലീസിന് മൂന്ന് മണിക്കൂറിനകം ഉമര്‍ അലിയെ പിടികൂടാനായി. അസം സ്വദേശിയായ ഉമറലി പെരുമ്പാവൂരില്‍ നിര്‍മ്മാണ തൊഴിലാളിയാണെന്ന് പോലീസ് അറിയിച്ചു.   ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. ഇയാളുടെ തിരച്ചറിയല്‍ രേഖകള്‍ വ്യാജമാണോയെന്ന് പോലീസ് സംശയിക്കുന്നു.

ഉമർ അലിയുടെ തിരിച്ചറിയൽ രേഖകളും മറ്റും വിശദമായി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. എൻആർസിയിൽ ഉമർ അലിയുടെ പേര് റജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കും. 

click me!