
ഹൈദരാബാദ്: തെലങ്കാനയിലെ വാറങ്കലിൽ ദളിത് മെഡിക്കൽ പിജി വിദ്യാർഥിനി വിഷം കുത്തിവച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. സീനിയർ വിദ്യാർഥിയുടെ മാനസികപീഡനം സഹിക്കാൻ വയ്യാതെയാണ് ആത്മഹത്യാശ്രമം. അനസ്തീഷ്യ വിഭാഗത്തിലെ രണ്ടാം വർഷ പിജി വിദ്യാർഥി സൈഫിനെ പൊലീസ് കേസിൽ അറസ്റ്റ് ചെയ്തു. അതേസമയം ഇത് ലൗ ജിഹാദാണെന്നാരോപിച്ച് വിഷയം ആളിക്കത്തിക്കാൻ ശ്രമിക്കുകയാണ് ബിജെപി. നൂറ് ശതമാനം ഇത് ലൗ ജിഹാദ് കേസാണ്. ഹിന്ദു പെൺകുട്ടികളെ അപമാനിക്കാനും, കെണിയിൽ പെടുത്താനും ഫണ്ട് വരുന്നുണ്ട് സംസ്ഥാനത്ത്. അതിന്‍റെ തെളിവാണിതെന്നായിരുന്നു തെലങ്കാന ബിജെപി അധ്യക്ഷൻ ബണ്ടി സഞ്ജയ് പറഞ്ഞത്.
വാറങ്കലിലെ കെഎംസി മെഡിക്കൽ കോളേജിലെ അനസ്തീഷ്യ വിഭാഗത്തിലെ ഒന്നാം വർഷ മെഡിക്കൽ പിജി വിദ്യാർഥിനിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അതേ വിഭാഗത്തിലെ രണ്ടാം വർഷ വിദ്യാർഥിയായ ഡോ. സൈഫിന്‍റെ ഭാഗത്ത് നിന്ന് കടുത്ത മാനസിക പീഡനമാണ് പെൺകുട്ടി നേരിട്ടിരുന്നതെന്നാണ് കുടുംബം പറയുന്നത്. ഡ്യൂട്ടി സമയത്ത് ശുചിമുറി ഉപയോഗിക്കാൻ പോലും പെൺകുട്ടിയെ സീനിയറായ ഡോ. സൈഫ് അനുവദിച്ചിരുന്നില്ലെന്നും, ഇവരെക്കുറിച്ച് മോശം പരാമർശങ്ങൾ തുടർച്ചയായി കോളേജ് ഗ്രൂപ്പിലടക്കം പല മെസ്സേജിംഗ് പ്ലാറ്റ്‍ഫോമുകളിലും പോസ്റ്റ് ചെയ്തിരുന്നെന്നും കുടുംബം ആരോപിക്കുന്നു.
ഒരു ദിവസം നേരത്തേ ഇറങ്ങുന്നതിന് പെൺകുട്ടി അനുമതി ചോദിച്ചെങ്കിലും ഡോ. സൈഫ് വിസമ്മതിച്ചു. ഇതോടെയാണ് പെൺകുട്ടി ജോലി ചെയ്തിരുന്ന എംജിഎം ആശുപത്രിയിൽ സ്വയം വിഷം കുത്തിവച്ച് ആത്മഹത്യാശ്രമം നടത്തിയത്. പെൺകുട്ടിയെ പരിശോധനാമുറിയിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയ ഉടൻ ചികിത്സ നൽകി. പക്ഷേ, ഇപ്പോഴും പെൺകുട്ടിയുടെ നില ഗുരുതരമാണ്. സംഭവത്തെത്തുടർന്ന് ഡോ. സൈഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. പക്ഷേ സംഭവം ലൗ ജിഹാദാണെന്നാണ് ബിജെപി ആരോപിക്കുന്നത്. വിവാദ സംഭവത്തെ വർഗീയവത്കരിക്കാൻ ബിജെപി ശ്രമിക്കുന്നതിനെതിരെയും പെൺകുട്ടിക്ക് നീതി ആവശ്യപ്പെട്ടും ദളിത് സംഘടനകളും ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam