
റൂർക്കി: ഭൗതിക ശാസ്ത്ര പ്രാക്ടിക്കൽ പരീക്ഷക്കിടെ വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ച അസിസ്റ്റന്റ് പ്രൊഫസറെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിദ്വാറിലെ റൂർക്കിയിലുള്ള കെഎൽഡിഎവി പിജി കോളേജിൽ എക്‌സ്‌റ്റേണൽ എക്‌സാമിനറായി നിയമിതനായ സർക്കാർ കോളേജ് അസി. പ്രൊഫസർ 44കാരനായ അബ്ദുൽ സലീം അൻസാരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഫിസിക്‌സ് പ്രാക്ടിക്കൽ പരീക്ഷയ്ക്കിടെ പന്ത്രണ്ടോളം ബിരുദ വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. അൻസാരിയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കി.
ഏഴ് വർഷത്തിൽ താഴെ തടവ് ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കേസുകളിൽ സുപ്രീം കോടതിയുടെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട്, വ്യക്തിഗത ബോണ്ടിൽ ഇയാളെ വിട്ടയക്കാൻ കോടതി പൊലീസിനോട് നിർദ്ദേശിച്ചു. റൂർക്കിക്കടുത്തുള്ള ഗവൺമെന്റ് ഡിഗ്രി കോളേജ് ചുഡിയാലയിലെ ഫാക്കൽറ്റി അംഗമായ കുറ്റാരോപിതനായ പ്രൊഫസറിനെതിരെ ബിഎൻഎസ് സെക്ഷൻ 75-2 (ലൈംഗിക പീഡനം) പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഡെറാഡൂണിലെ ഡോയിവാല സ്വദേശിയായ അൻസാരി ബിഎസ്‌സി നാലാം സെമസ്റ്റർ വിദ്യാർത്ഥികളെ വൈവ പരീക്ഷയ്ക്കായി അടച്ചിട്ട മുറിയിലേക്ക് വിളിച്ചുവരുത്തിയതായി പൊലീസ് പറഞ്ഞു. അൻസാരി അനുചിതമായി വിദ്യാർഥികളോട് പെരുമാറിയെന്ന് പൊലീസ് പറഞ്ഞു. 12ലേറെ വിദ്യാർഥികളാണ് പരാതിയുമായി രംഗത്തെത്തിയത്. അൻസാരി തന്നെ ലൈംഗികമായി പീഡിപ്പിക്കുക മാത്രമല്ല, ഫോൺ നമ്പർ കൈയിൽ എഴുതിവെച്ച് രാത്രിയിൽ തന്നെ വിളിക്കാൻ ആവശ്യപ്പെടുകയും ചെയ്തതായി ഇരകളിലൊരാൾ പറഞ്ഞു.
തുടർന്ന് പെൺകുട്ടികൾ കോളേജ് അധികൃതരെ സമീപിക്കുകയും ക്യാമ്പസിൽ പ്രതിഷേധിക്കുകയും ചെയ്തു. തുടർന്ന് ഗംഗ്നഹർ പോലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി പരാതി നൽകി. വ്യാഴാഴ്ച കോളേജ് ക്യാമ്പസിൽ നിന്ന് ഞങ്ങൾ പ്രതിയെ കസ്റ്റഡിയിലെടുത്തുവെന്ന് എസ്എച്ച്ഒ ആർകെ സക്ലാനി പറഞ്ഞു. അൻസാരിക്ക് ചുമതലയുണ്ടായിരുന്ന എല്ലാ പ്രായോഗിക പരീക്ഷകളും കെഎൽഡിഎവി കോളേജ് അധികൃതർ റദ്ദാക്കി. പുതിയ തീയതികൾ ഉടൻ പ്രഖ്യാപിക്കുമെന്ന് പ്രിൻസിപ്പൽ പ്രൊഫ. എംപി സിംഗ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam