രണ്ട് പേരെ കൂടി കൊല്ലാന്‍ പദ്ധതിയിട്ടെന്ന് പൊലീസിനോട് ജോളി: പൊന്നാമറ്റം തറവാട്ടില്‍ ഇന്ന് തെളിവെടുപ്പ്

By Web TeamFirst Published Oct 11, 2019, 6:52 AM IST
Highlights

കൂടത്തായിൽ ആറിൽ അഞ്ച് പേരെയും കൊലപ്പെടുത്തിയത് പൊട്ടാസ്യം സയനൈഡ് ഉപയോഗിച്ചാണെന്നാണ് ജോളി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. അഞ്ച് കൊലപാതകങ്ങൾ പൊട്ടാസ്യം സയനൈനഡ് ഉപയോഗിച്ചാണ് നടത്തിയതെന്നും ജോളി വ്യക്തമാക്കി.

വടകര:  കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതികളായ ജോളി, മാത്യു, പ്രജുകുമാർ എന്നിവരെ അന്വേഷണസംഘം ഇന്ന് വിവിധ കേന്ദ്രങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തും. കൂടത്തായിയിലെ പൊന്നാമറ്റം വീട്ടിലെത്തിച്ചായിരിക്കും ആദ്യം തെളിവെടുപ്പ് നടത്തുക. ജോളിയെ മാത്രമായിരിക്കും പൊന്നാമറ്റം തറവാട്ടിൽ എത്തിക്കുക എന്നാണ് സൂചന. കൊലപാതകത്തിന് പയോഗിച്ച പൊട്ടാസ്യം സയനൈഡ് വീട്ടിൽ നിന്ന് കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. മൂന്നാം പ്രതി പ്രജുകുമാർ പൊട്ടാസ്യം സയനൈഡ് രണ്ടാം പ്രതി മാത്യുവിന് കൈമാറിയ സ്വർണ്ണക്കടയിലും തെളിപെടുപ്പ് നടത്തിയേക്കും.

അതേസമയം കൂടത്തായിൽ ആറിൽ അഞ്ച് പേരെയും കൊലപ്പെടുത്തിയത് പൊട്ടാസ്യം സയനൈഡ് ഉപയോഗിച്ചാണെന്നാണ് ജോളി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. അഞ്ച് കൊലപാതകങ്ങൾ പൊട്ടാസ്യം സയനൈനഡ് ഉപയോഗിച്ചാണ് നടത്തിയതെന്നും ജോളി വ്യക്തമാക്കി. അന്നമ്മയെ കൊല്ലാൻ മറ്റൊരു വിഷമെന്ന് ഉപയോഗിച്ചതെന്ന് ജോളി വെളിപ്പെടുത്തിയതായാണ് വിവരം. മറ്റ് രണ്ട് പേരെ കൂടി കൊല്ലാൻ ലക്ഷ്യമിട്ടിരുന്നെന്നും ജോളി ചോദ്യം ചെയ്യലിനിടെ വെളിപ്പെടുത്തി. എന്നാൽ ഇതാരൊക്കെയാണെന്ന് പൊലീസ് വെളിപ്പെടുത്തിയില്ല. 

കേസില്‍ ജോളിയടക്കമുള്ള മൂന്നുപ്രതികളെയും പൊലീസ് ഇന്നലെ പ്രത്യേകം ചോദ്യം ചെയ്തു. വടകര റൂറല്‍ എസ്‍പി ഓഫീസില്‍ വച്ചാണ് പ്രതികളായ ജോളിയമ്മ ജോസഫ് എന്ന ജോളി, കാക്കവയൽ മഞ്ചാടിയിൽ മാത്യു, തച്ചംപൊയിൽ മുള്ളമ്പലത്തിൽ പി പ്രജുകുമാർ എന്നിവരെ ഒറ്റയ്ക്കൊറ്റയ്ക്ക് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലുമായി ജോളി സഹകരിക്കുന്നുണ്ടെന്ന് എസ്പി കെ ജി സൈമൺ പിന്നീട് വ്യക്തമാക്കി.

ചോദ്യം ചെയ്യലിന് ശേഷം ജോളിയെ വടകര പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. വടകര പൊലീസ് സ്റ്റേഷനിലെ വനിതാ സെല്ലിലാണ് ജോളിയെ പാർപ്പിച്ചത്. ഈ മാസം 16 വരെയാണ് മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. അതിനിടെ, ജോളി കൂടുതൽ വ്യാജരേഖകൾ ചമച്ചെന്ന വിവരവും പുറത്തുവരുന്നുണ്ട്. താമരശേരി രൂപതാ മുൻ വികാരി ജനറാളിന്‍റെ വ്യാജ കത്താണ് ജോളി തയ്യാറാക്കിയത്. ഷാജുവിനെ വിവാഹം കഴിച്ച ശേഷം കൂടത്തായി ഇടവകയിൽ പേര് നിലനിർത്താനായിരുന്നു ജോളിയുടെ ശ്രമം. പ്രത്യേകസാഹചര്യം കണക്കിലെടുത്ത് ജോളിയെ കൂടത്തായി ഇടവകയിൽ അംഗമാക്കുന്നതിൽ തെറ്റില്ലെന്നായിരുന്നു വ്യാജകത്തിലെ ഉള്ളടക്കം. 

ഷാജുവിനെ പുനർവിവാഹം ചെയ്തതോ‌ടെ കൂടത്തായി ഇടവകയിൽ നിന്ന് കോടഞ്ചേരിയിലേക്ക് ജോളിയുടെ ഇടവക മാറിയിരുന്നു. കൂടത്തായി ഇടവകയിൽ നിലനിന്ന് ടോം തോമസിന്‍റെ പേരിലുള്ള നാൽപത്‌സെന്‍റോളം ഭൂമിയും വീടും തട്ടിയെടുക്കുകയായിരുന്നു ജോളിയുടെ ലക്ഷ്യം. കൂടത്തായിയിൽ താമസിച്ചാലും രൂപതാ നിയമമനുസരിച്ച് ഭർത്താവിന്‍റെ ഇടവകയിലേ ജോളിക്ക് അംഗമാകാനാകൂ. ഇക്കാരണത്താലാണ് താമരശേരി വികാരി ജനറാളിന്‍റെ വ്യാജ ലെറ്റർപാഡിൽ കത്ത് നിർമിച്ചത്. 

click me!