
കൽപ്പറ്റ: വയനാട് തൃശിലേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയെ പ്ലസ്ടു വിദ്യാർത്ഥികൾ ചേർന്ന് മർദിച്ചതായി പരാതി. ഒണ്ടയങ്ങാടി സ്വദേശി ജോയലാണ് മർദനമേറ്റതിനെ തുടർന്ന് മാനന്തവാടി ജില്ല ആശുപത്രിയിൽ ചികിത്സ തേടിയത്.
കഴിഞ ബുധനാഴ്ച സ്കൂളിൽ വെച്ചാണ് ജോയലിന് തലയ്ക്കും മുഖത്തും മർദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പ്ലസ്ടു വിദ്യാർത്ഥികളായ 6 പേർക്കെതിരെ തിരുനെല്ലി പോലീസ് കേസെടുത്തു. തടഞ്ഞുവെച്ച് മർദിച്ചതിനുള്ള വകുപ്പ് പ്രകാരമാണ് കേസ്. എന്നാൽ സീനിയർ വിദ്യാർത്ഥികളുടെ റാഗിംങ് ചോദ്യം ചെയ്തതിനാണ് മർദനമേറ്റതെന്ന് ജോയൽ പറഞ്ഞു.
ആരോപണ വിധേയരായ വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് മാറ്റി നിർത്തി. സ്കൂളിലെ ആഭ്യന്തര സമിതിയുടെ അന്വേഷണ റിപ്പോർട്ട് പോലീസിന് ഉടൻ കൈമാറുമെന്ന് സ്കൂൾ പ്രിൻസിപ്പൽ അറിയിച്ചു.
മണ്ണെണ്ണ വിളക്കിൽ നിന്നും തീപടർന്നു, വയനാട്ടിൽ വയോധികന് ദാരുണാന്ത്യം
കൽപ്പറ്റ : മണ്ണെണ്ണ വിളക്കിൽ നിന്നും തീപിടിച്ച് വയോധികന് ദാരുണാന്ത്യം. വയനാട് പിലാക്കാവ് സ്വദേശി ജെസ്സി കൃഷ്ണനാണ് മരിച്ചത്. ഉറങ്ങുന്നതിനിടെ സമീപത്ത് വെച്ച മണ്ണെണ്ണ വിളക്ക് മറിഞ്ഞ് വീണാണ് അപകടമുണ്ടായതെന്നാണ് നിഗമനം. ഇയാൾ വീട്ടിൽ തനിച്ചാണ് താമസിച്ചു വന്നിരുന്നത്. രാവിലെ വാതിൽ തുറക്കാതിരുന്നത് ശ്രദ്ധയിൽപ്പെട്ട ബന്ധുക്കൾ വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിനോട് ചേർന്ന് മണ്ണെണ്ണ വിളക്ക് മറിഞ്ഞു കിടക്കുന്നുണ്ട്. ധരിച്ച വസ്ത്രവും, കമ്പിളിയും ഭാഗികമായി കത്തി പ്പോയി. മാനന്തവാടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.