മലപ്പുറത്ത് കോടതി കെട്ടിടത്തില്‍ നിന്ന് ചാടി പോക്സോ പ്രതിയുടെ ആത്മഹത്യാശ്രമം

By Web TeamFirst Published May 6, 2020, 1:49 PM IST
Highlights

സ്കൂൾ വിദ്യാർത്ഥികളെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളെ സാരമായ പരിക്കുകളോടെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മലപ്പുറം: മലപ്പുറത്ത് പോക്സോ കേസിലെ പ്രതി കോടതി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു. മഞ്ചേരി പോക്സോ കോടതിയുടെ രണ്ടാം നിലയിൽ നിന്ന് ചാടിയാണ് പ്രതി ആത്മഹത്യക്ക് ശ്രമിച്ചത്. എടവണ്ണ ചാത്തല്ലൂർ തച്ചറായിൽ ആലിക്കുട്ടിയാണ് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ കെട്ടിടത്തിൽ നിന്ന് ചാടിയത്. 

സ്കൂൾ വിദ്യാർത്ഥികളെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളെ സാരമായ പരിക്കുകളോടെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് സ്കൂൾ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളുടെ പരാതിയിലാണ് ആലിക്കുട്ടിക്കെതിരെ കേസെടുത്തത്. കഴിഞ്ഞ മാസം 18 നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. 

സ്കൂള്‍ അടക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് സംഭവമുണ്ടായത്. സ്കൂളിന് പുറത്തേക്കിറങ്ങിയ മൂന്ന് കുട്ടികളോടും ആലിക്കുട്ടി മോശമായി പെരുമാറിയെന്നാണ് പരാതി. കുട്ടികള്‍ അന്ന് തന്നെ സ്കൂള്‍ അധികൃതരോട് സംഭവം പറഞ്ഞിരുന്നു. എന്നാല്‍ പരാതിയുമായി മുന്നോട്ട് പോകാൻ  കുട്ടികളുടെ രക്ഷിതാക്കള്‍ തയ്യാറായില്ല.

ഇതിനിടയിലാണ് ലോക്ക് ഡൗൺ പ്രഖ്യാപനം വന്നത്. ഇതോടെ പ്രധാനാധ്യാപകൻ കോഴിക്കോട് കൊയിലാണ്ടിയിലെ വീട്ടില്‍ നിരീക്ഷണത്തിലുമായി. നിരീക്ഷണ കാലം കഴി‍ഞ്ഞശേഷം പ്രാധാനാധ്യാപകൻ പരാതി സിഡബ്ലിയുസി അധികൃതര്‍ക്ക് നല്‍കുകയായിരുന്നു. മാനേജ്മെന്‍റിന്‍റെ സഹായിയായി സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ആളാണ് ആലിക്കുട്ടി.

click me!