
കോട്ടയം: പോക്സോ കേസ് പ്രതിയായ അധ്യാപകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. തന്നെ കള്ളക്കേസിൽ കുടുക്കിയതാണെന്ന നരേന്ദ്രബാബുവിൻറെ ആത്മഹത്യാക്കുറിപ്പിൻറെ അടിസ്ഥാനത്തിലാണ് അന്വേഷണം.
വൈക്കം സ്വദേശിയും ഏറ്റുമാനൂർ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്കൂളിലെ സംഗീതാധ്യാപകനുമായ നരേന്ദ്രബാബുവിനെ ഇന്നലെ പുലർച്ചെയാണ് വൈക്കത്തെ വീടിനു സമീപത്തെ ഗ്രൗണ്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കള്ളക്കേസിൽ കുടുക്കാൻ സ്കൂൾ സൂപ്രണ്ടും, ഡ്രൈവറും, കൗൺസിലറും ഗൂഢാലോചന നടത്തിയെന്ന് ആത്മഹത്യ കുറിപ്പിൽ ആരോപണമുണ്ട്.
കഴിഞ്ഞ വർഷം ഒക്ടോബർ 23നാണ് ഏറ്റുമാനൂർ ഗവ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ സംഗീതാധ്യാപകനായ നരേന്ദ്രബാബുവിനെതിരെ വിദ്യാർത്ഥിനികൾ പരാതി നൽകിയത്. ക്ലാസിനിടെ മോശമായി പെരുമാറിയെന്നും ലൈംഗിക ചുവയോടെ സംസാരിച്ചെന്നുമായിരുന്നു പരാതി. തുടർന്ന് ഏറ്റുമാനൂർ പോലീസ് ഇയാൾക്കെതിരെ പോക്സോ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അധ്യാപകർ തമ്മിലുള്ള തർക്കമാണ് പീഡന പരാതിക്ക് പിന്നിലെന്ന ആരോപണം നേരത്തെ തന്നെ പുറത്തു വന്നിരുന്നു. ഇതിനിടെയാണ് നരേന്ദ്ര ബാബുവിന്റെ ആത്മഹത്യ. നരേന്ദ്രബാബുവിൻറെ ബന്ധുക്കളും സുഹൃത്തുക്കളും നൽകിയ പരാതിയിലാണ് വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നത്. ആത്മഹത്യാക്കുറിപ്പിലെ ആരോപണവും നരേന്ദ്രബാബുവിനെതിരായ പരാതിയും അന്വേഷിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam