
കണ്ണൂര്‍: കണ്ണൂര്‍ പരിയാരത്ത് പോക്‌സോ കേസില്‍ കായികാധ്യാപകൻ പിടിയിൽ. ഓലയമ്പാടി സ്വദേശി കെ സി സജീഷിനെ പരിയാരം പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ത്ഥിനിക്ക് പ്രതി അശ്ലീല ദൃശ്യങ്ങള്‍ അയച്ച് നല്‍കിയെന്നാണ് പരാതി. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്സോ ചുമത്തി കേസെടുത്തു.
അതിനിടെ കണ്ണൂര്‍ മാതമംഗലത്ത് ഒൻപത് വയസുകാരിയെ പീഡിപ്പിച്ച ചുമട്ട് തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരത്തൊടിയിൽ വി സി കരുണാകരനെയാണ് പെരിങ്ങോം പൊലീസ് പിടികൂടിയത്. ചൈൽഡ് ലൈൻ സ്കൂളിൽ നടത്തിയ കൗൺസിലിംഗിനിടെയാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. തുടർന്ന് പെരിങ്ങോം പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു.
ചൈല്‍ഡ് ലൈനിന്‍റെ ഇടപെടലില്‍ കുട്ടികള്‍ പീഡനത്തിന് ഇരയായ വിവരം പുറത്ത് വരുന്നത് ഇത് ആദ്യമായല്ല. നേരത്തെ കൊല്ലം കടയ്ക്കലില്‍ ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച പതിനൊന്നുകാരനെ ക്ഷേത്ര പൂജാരി പീഡിപ്പിച്ച സംഭവം പുറത്തറിഞ്ഞത് ചൈല്‍ഡ് ലൈന്‍ ഇടപെടലിലൂടെയായിരുന്നു. ഇക്കഴിഞ്ഞ 27 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കടയ്ക്കലിലെ ഒരു ക്ഷേത്രത്തിലെ പൂജാരിയായ കരുനാഗപ്പള്ളി സ്വദേശി മണിലാലാണ് ഇരുചക്രവാഹനത്തില്‍ ലിഫ്റ്റ് ചോദിച്ച സ്കൂള്‍ കുട്ടിയെ പീഡിപ്പിച്ചത്.
സ്കൂളിൽ നിന്നും ഉച്ചയ്ക്ക് മടങ്ങിയ വിദ്യാര്‍ത്ഥിക്ക് വഴിയിൽ വച്ച് ഷവര്‍മ വാങ്ങി നൽകിയ ശേഷം പ്രതി താമസിക്കുന്ന വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്നായിരുന്നു പീഡനം. തിരികെ വീട്ടിലെത്തിയ കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയ ബന്ധുക്കൾ പതിനൊന്നുകാരനെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രി അധികൃതർ നടത്തിയ കൗണ്‍സിലിങ്ങിലൂടെയാണ് പീഡന വിവരം പുറത്തറിയുന്നത്.
സമാനമായ മറ്റൊരു സംഭവം ആലപ്പുഴയിലും നടന്നിരുന്നു. സൈക്കിളില്‍ പോകുമ്പോള്‍ മഴ പെയ്തതിനേ തുടര്‍ന്ന് വീട്ടില്‍ കയറിയ അയല്‍വാസിയായ 13കാരെ പീഡിപ്പിച്ച കേസില്‍ 46 കാരന് കോടതി, ഏഴ് വര്‍ഷം തടവും 30000 രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. ആലപ്പുഴ നെടുമുടി പഞ്ചായത്തിൽ വൈശ്യം ഭാഗം പ്രക്കാട്ട് പറമ്പിൽ സോണിച്ചൻ എന്ന സോണിയെയാണ് ശിക്ഷിച്ചത്.