നിയമലംഘനം ചോദ്യം ചെയ്ത പൊലീസുകാരനെ കാറിന്‍റെ ബോണറ്റില്‍ കെട്ടി വലിച്ചിഴച്ചു; യുവാവ് പിടിയില്‍

By Web TeamFirst Published Oct 2, 2021, 6:51 PM IST
Highlights

തന്‍റെ കാര്‍ തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെ യുവാവ് ബലമായി കാറിന്‍റെ ബോണറ്റില്‍ കയറ്റി കെട്ടിയിട്ട ശേഷം മുന്നോട്ട് വണ്ടിയോടിച്ച് പോവുകയായിരുന്നു.

മുംബൈ: കാറിന്‍റെ ബോണറ്റില്‍ പൊലീസ് കോണ്‍സ്റ്റബിളിനെ കെട്ടിയിട്ട് വലിച്ചിഴച്ചുകൊണ്ടുപോയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അന്ധേരിയില്‍ വസ്ത്രവ്യാപാരക സ്ഥാപനം നടത്തുന്ന സുഹൈല്‍  എന്ന യുവാവിനെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ വ്യാഴാഴ്ച അന്ധേരിയ്ക്കടുത്തുള്ള ആസാദ് നഗര്‍ മെട്രോ സ്റ്റേഷന് മുന്നിലൂടെയാണ് യുവാവ് ട്രാഫിക് പൊലീസ് കോണ്‍സ്റ്റബിളിനെ കാറിന് മുന്നില്‍ കെട്ടിയിട്ട് വലിച്ചിഴച്ചത്.

റോഡ് നിയമം ലഘിച്ചെത്തിയ യുവാവിന്‍റെ കാര്‍ ട്രാഫിക് പൊലീസ് കോണ്‍സ്റ്റബിള്‍ വിജയ് സിംഗ് ഗുരവ്  തടഞ്ഞതാണ് പ്രകോപനം. തന്‍റെ കാര്‍ തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെ യുവാവ് ബലമായി കാറിന്‍റെ ബോണറ്റില്‍ കയറ്റി കെട്ടിയിട്ട ശേഷം മുന്നോട്ട് വണ്ടിയോടിച്ച് പോവുകയായിരുന്നുവെന്ന് ദേശീയ മാധ്യമമായ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. പിന്നീട് വാഹനം നിര്‍ത്തി കെട്ടഴിച്ച് വിട്ടു. തന്‍റെ വാക്കുകള്‍ കേള്‍ക്കാതെ സുഹൈല്‍ വാഹനം മുന്നോട്ടെടുക്കുകയായിരുന്നെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ പൊലീസ് പ്രതിക്കായി അന്വേഷണം തുടങ്ങി. ഇതോടെ ഒളിവില്‍ പോയ യുവാവിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമം 353 വകുപ്പ് പ്രകാരം പൊലീസ് ഉദ്യോഗസ്ഥന്‍റെ ജോലി തടസപ്പെടുത്തിയതിനും ആക്രമിച്ചതിനും നിയമം ലംഘിച്ച് വാഹനമോടിച്ചതിനും കേസെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

click me!