കള്ളനോട്ടും ലോട്ടറിയും അച്ചടിക്കും, വ്യാജനെ കൊടുത്ത് ചില്ലറയാക്കും; 2000 രൂപയുടെ വ്യാജന് പിന്നില്‍ വന്‍ സംഘം

By Web TeamFirst Published Aug 9, 2022, 8:36 AM IST
Highlights

മലപ്പുറത്ത് വച്ചാണ് തട്ടിപ്പ് സംഘം കൃഷ്ണന്‍കുട്ടിയുടെ കൈയ്യില്‍ നിന്നും 600 രൂപയുടെ ടിക്കറ്റ് എടുത്ത് 2000 രൂപയുടെ വ്യാജനെ കൊടുത്ത് 1400 രൂപ ബാക്കി വാങ്ങി മുങ്ങിയത്.

മലപ്പുറം: മലപ്പുറത്ത് രണ്ടായിരം രൂപയുടെ വ്യാജ നോട്ട് പിടികൂടിയ സംഭവത്തില്‍  അന്വേഷണം ചെന്നെത്തിയത് വന്‍ തട്ടിപ്പ് സംഘത്തിലേക്ക്. കേസില്‍ രണ്ട് പേരെ പൊലീസ് പൊക്കി. കാസർഗോഡ് ചിറ്റാരിക്കൽ സ്വദേശി അഷറഫ് ( ജെയ്‌സൺ-48), കേച്ചേരി ചിറനെല്ലൂർ  സ്വദേശി പ്രജീഷ് (37) എന്നിവരെയാണ് പെരുമ്പടപ്പ് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പി എം വിമോദും സംഘവും അറസ്റ്റ് ചെയ്തത്. പെരുമ്പടപ്പ് കാട്ടുമാടം സ്വദേശിയും ലോട്ടറി വിൽപ്പനക്കാരനുമായ കൃഷ്ണൻകുട്ടിക്കാണ് ഇവർ 2000 രൂപയുടെ വ്യാജ നോട്ട് നൽകി കബളിപ്പിച്ചത്.

മലപ്പുറത്ത് വച്ചാണ് തട്ടിപ്പ് സംഘം കൃഷ്ണന്‍കുട്ടിയുടെ കൈയ്യില്‍ നിന്നും 600 രൂപയുടെ ടിക്കറ്റ് എടുത്ത് 2000 രൂപയുടെ വ്യാജനെ കൊടുത്ത് 1400 രൂപ ബാക്കി വാങ്ങി മുങ്ങിയത്. വ്യാജ നോട്ടാണെന്ന് അറിഞ്ഞതോടെ കൃഷ്ണന്‍കുട്ടി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പെരുമ്പടപ്പ് പൊലീസ് കേസ്സ് രജിസറ്റർ ചെയ്യുകയും തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്.   നോട്ടുകൾക്ക് പുറമെ വ്യാജ ലോട്ടറിയും അറസ്റ്റിലായ സംഘം നിർമിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.  പ്രതികളിൽ നിന്നും രണ്ട് മൊബൈൽ ഫോണുകളും 2970 രൂപയും 31 വ്യാജ ലോട്ടറികളും വാഹനവും  പിടിച്ചെടുത്തിട്ടുണ്ട്. 

Read More : ഡോക്ടറുടെ നിർദേശം അവഗണിച്ച് വീട്ടിൽ പ്രസവം: മൂന്നാംനാൾ തൊണ്ടയില്‍ മുലപ്പാല്‍ കുടുങ്ങി കുഞ്ഞ് മരിച്ചു

രണ്ടാം പ്രതി  പ്രജീഷിന്റെ കുന്ദംകുളത്തെ വാടക ക്വാർട്ടേഴ്‌സിൽ നടത്തിയ പരിശോധനയിൽ 2000 രൂപയുടെ മറ്റൊരു വ്യാജ നോട്ടും വ്യാജ  ലോട്ടറിയുടെയും നിർമ്മാണത്തിനുപയോഗിക്കുന്ന സാമഗ്രികളും കണ്ടെടുത്തു. കാസർകോടുകാരനായ അഷ്‌റഫാണ് കമ്പ്യൂട്ടർ ഉപയോഗിച്ച് വ്യാജ നോട്ടും ലോട്ടറി ടിക്കറ്റും നിർമ്മിക്കുന്നത്.  ഇരുവരും 2021ൽ  കാസർഗോഡ് ചന്തേര പോലീസ് സ്റ്റേഷനിലും അമ്പലത്തറ പോലീസ് സ്റ്റേഷനും സമാനമായ കള്ളനോട്ട് കേസുകളിൽപ്പെട്ട്  ജയിൽവാസം അനുഭവിച്ചവരാണ്. 

കഴിഞ്ഞ ജൂലൈയിൽ ജയിലിൽ നിന്നും പുറത്തിറങ്ങിയ പ്രതികൾ കാസർകോട് നിന്ന് വ്യാജ കറൻസിയുടെയും വ്യാജ ലോട്ടറിയുടെയും നിർമ്മാണ കേന്ദ്രം കുന്ദംകുളത്തെ ആഞ്ഞൂരിലേക്ക്  മാറ്റുകയായിരുന്നു. 2000 രൂപയുടെ നോട്ടുകളാണ് ഇരുവരും കൂടതല്‍ അച്ചടിച്ചിരുന്തെന്ന് പൊലീസ് പറഞ്ഞു.  ഇവർ സഞ്ചരിച്ചിരുന്ന വാഹനം വ്യാജ രജിസ്‌ട്രേഷൻ നമ്പറിലുള്ളതായിരുന്നുവെന്നും പൊലീസ് അറിയിച്ചു. പ്രതികളെയും പിടിച്ചെടുത്ത സാമഗ്രികളും പൊന്നാനി കോടതിയിൽ ഹാജരാക്കി. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു.

click me!