
പത്തനംതിട്ട: മാസങ്ങളായി വർക്ക് ഷോപ്പിൽ കിടക്കുന്ന സ്‍കൂട്ടര്‍ ട്രാഫിക് നിയമ ലംഘനം നടത്തിയെന്നാരോപിച്ച് വർക്ക് ഷോപ്പ് ഉടമയെ പൊലീസ് കയ്യേറ്റം ചെയ്തു. പത്തനംതിട്ട റാന്നി സ്വദേശി സുനിൽ കുമാർ ആണ് റാന്നി സ്റ്റേഷനിലെ എ എസ് ഐ ക്കെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.
റിപ്പയറിങ്ങിനായി വർക്ക് ഷോപ്പിൽ ഇട്ടിരിക്കുന്ന സ്‍കൂട്ടര്‍ അമിത വേഗതയിൽ പോയെന്ന് കാണിച്ച് ഉടമ ബിനിയെ ആണ് റാന്നി പൊലീസ് ആദ്യം വിളിപ്പിച്ചത്. മാസങ്ങളായി വർക്ക് ഷോപ്പിലാണ് സ്‍കൂട്ടറെന്ന് ഉടമ പറഞ്ഞതിന്‍റെ അടിസ്ഥാനത്തിൽ വർക്ക് ഷോപ്പ് നടത്തുന്ന സുനിൽകുമാറുമായി പൊലീസ് സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടു.
സ്‍കൂട്ടര്‍ എടുക്കാറില്ലെന്ന് തെളിയിക്കുന്നതിനായി വീഡിയോ സഹിതം സുനിൽകുമാർ സ്റ്റേഷനിലെത്തിയപ്പോൾ 500 രൂപ പിഴ അടക്കാൻ എ എസ് ഐ ഇബ്രാഹിംകുട്ടി പറഞ്ഞു. എന്നാൽ ഓടുന്ന അവസ്ഥയിൽ അല്ലാത്ത സ്‍കൂട്ടര്‍ ട്രാഫിക് നിയമ ലംഘനം നടത്തിയില്ലെന്ന് ഉറപ്പായതിനാൽ പിഴ അടക്കില്ലെന്ന് സുനിൽ കുമാർ പറഞ്ഞതോടെ പ്രകോപിതനായ എ എസ് ഐ മർദ്ദിക്കുകയായിരുന്നു.
കരഞ്ഞ് അപേക്ഷിച്ചതിനൊപ്പം വാഹന ഉടമ 400 രൂപ പിഴ അടച്ചതിനാലാണ് പൊലീസ് വിട്ടയച്ചതെന്ന് സുനിൽ പറഞ്ഞു. സ്‍കൂട്ടര്‍ മാസങ്ങളായി എടുക്കാതെ കിടക്കുകയാണെന്ന് നാട്ടുകാരും വ്യക്തമാക്കുന്നു. മർദ്ദനം സംബന്ധിച്ച് പരാതി നൽകരുതെന്നും ഭീഷണിപ്പെടുത്തി. എ എസ് ഐക്കെതിരെ ജില്ലാ പൊലീസ് മേധാവിക്കും, മനുഷ്യാവകാശ കമ്മിഷനും സുനിൽ കുമാർ പരാതി നൽകിയിട്ടുണ്ട്. സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നാണ് ജില്ലാ പൊലീസ് മേധാവിയുടെ വിശദീകരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam