Latest Videos

മൂന്നാറിൽ പ്രതിയ്ക്ക് കസ്റ്റഡി മർദ്ദനം; മൂന്ന് പൊലീസുകാർക്ക് എതിരെ നടപടി

By Web TeamFirst Published Jun 23, 2019, 10:44 PM IST
Highlights

മൂന്നാറിൽ വിനോദസഞ്ചാരികളെ ആക്രമിച്ച് പണം കവർന്ന കേസിൽ പ്രതിയായ സതീശനെ പാലക്കാട് നിന്ന് കഴിഞ്ഞ ദിവസമാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

മൂന്നാര്‍: മൂന്നാ‍ർ പൊലീസ് സ്റ്റേഷനിൽ ക്രിമിനൽ കേസിൽ പ്രതിയായ യുവാവിന് കസ്റ്റഡി മർദ്ദനം. നട്ടെല്ലിന് പരിക്കേറ്റ മൂന്നാർ സ്വദേശി സതീശനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്റ്റേഷൻ ചുമതലയുണ്ടായിരുന്ന എസ്ഐയെയും മൂന്ന് പൊലീസുകാരെയും ശിക്ഷാ നടപടിയുടെ ഭാഗമായി ഇടുക്കി പൊലീസ് ക്യാമ്പിലേക്ക് മാറ്റി. 

മൂന്നാറിൽ വിനോദസഞ്ചാരികളെ ആക്രമിച്ച് പണം കവർന്ന കേസിൽ പ്രതിയായ സതീശനെ പാലക്കാട് നിന്ന് കഴിഞ്ഞ ദിവസമാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തുട‍ർന്ന് മൂന്നാർ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്യുന്നതിനിടെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പൊലീസ് കേസെടുത്ത് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് തനിക്ക് കസ്റ്റഡിയിൽ മർദ്ദനമേറ്റെന്നും ശാരീരിക ബുദ്ധിമുട്ടുകളുണ്ടെന്നും സതീശൻ മജിസ്ട്രേറ്റിനെ അറിയിച്ചത്. തുടർന്ന് കോടതി നിർദ്ദേശ പ്രകാരം സതീശനെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 
 
കസ്റ്റഡി മർദ്ദനം വ്യക്തമായതിനെ തുടർന്ന് മൂന്നാർ എസ്ഐ ശ്യാം കുമാർ, എഎസ്ഐ രാജേഷ്, സിവിൽ പൊലീസ് ഓഫീസർ തോമസ് എന്നിവരെ ഇടുക്കി പൊലീസ് ക്യാമ്പിലേക്ക് സ്ഥലം മാറ്റി. സിപിഎം അനുഭാവിയായ സതീശൻ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. രാഷ്ട്രീയ ബന്ധം ഉപയോഗിച്ച് അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥരെ കുടുക്കാനാണ് സതീശന്‍ പരിക്ക് ഗുരുതമാണെന്ന് വരുത്തി തീർക്കുന്നതെന്ന് പൊലീസുകാർ ആരോപിച്ചു. 
 

click me!