
പാലക്കാട്: പാലക്കാട് വനംവകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ചമഞ്ഞ് സാമ്പത്തിക തട്ടിപ്പ്. തട്ടിപ്പ് നടത്തിയ കോട്ടായി സ്വദേശിക്കെതിരെ പരാതിയുമായി വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും രംഗത്തെത്തി. കോട്ടായി സ്വദേശി ബാലസുബ്രഹ്മണ്യമാണ് വനംവകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് നടത്തിയത്. നാട്ടുകാരെയും ബാങ്കിനെയും പറ്റിച്ച് യുവാവ് തട്ടിയത് ലക്ഷങ്ങളാണെന്ന് പൊലീസ് പറഞ്ഞു.
വനംവകുപ്പിന്‍റെ യൂണിഫോമും തിരിച്ചറിയൽ കാർഡും വ്യാജമായി നിർമിച്ചായിരുന്നു സുബ്രഹ്മണ്യം തട്ടിപ്പ് നടത്തിയത്. സംഭവത്തില്‍ പാലക്കാട് സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കഴിഞ്ഞ അഞ്ച് വർഷമായി സുബ്രഹ്മണ്യം ഇത്തരത്തില്‍ തട്ടിപ്പ് നടത്തി വരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പാലക്കാട് ഫോറസ്റ്റ് ഓഫീസ് പരിധിയിലെ മിക്ക വീട്ടുകാർക്കും നാട്ടുകാർക്കും ബാലസുബ്രഹ്മണ്യൻ സർക്കാർ ഉദ്യോഗസ്ഥനാണ്. ബീറ്റ് ഫോറസ്റ്റ് ഓഫീസർ എന്ന ലേബൽ ഉപയോഗിച്ച് പലരിൽ നിന്ന് പണം കടം വാങ്ങി മുങ്ങി നടക്കുകയാണ് ഇയാള്‍.
പണം ആര്‍ക്കും തിരിച്ചു കൊടുക്കുന്ന പതിവില്ല. രണ്ട് ബാങ്കുകളിൽ നിന്ന് ലക്ഷകണക്കിന് രൂപയാണ് ഇയാള്‍ തട്ടിപ്പിലൂടെ വായ്പ വാങ്ങിയത്. ഇതിനായി വ്യാജ ശമ്പള സർട്ടിഫിക്കറ്റും ഹാജരാക്കി. കേരള ഫോറസ് പ്രൊട്ടക്ടിവ് സ്റ്റാഫ് അസോസി യേഷന്റെ ഇടപെടൽ മൂലമാണ് തട്ടിപ്പ് പുറത്തായത്. ബാലസുബ്രഹ്മണ്യന്‍റെ തട്ടിപ്പ് പുറത്ത് വരാൻ തുടങ്ങിയതോടെയാണ് തങ്ങളും വഞ്ചിതരായ വിവരം നാട്ടുകാരും മനസ്സിലാക്കുന്നത്.
നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും പരാതിയുമായി എത്തിയതോടെ ബാലസുബ്രഹ്മണ്യൻ ഒളിവില്‍ പോയി. മൊബൈൽ ഫോൺ വീട്ടിൽ വെച്ചാണ് പ്രതി മുങ്ങിയിരിക്കുന്നത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ വനം വകുപ്പിന്‍റെയും പൊലീസിന്‍റെയും യൂണിഫോമുകൾ കണ്ടെത്തി. വീട്ടിൽ ഒളിപ്പിച്ച വ്യാജ സീലുകളും മുദ്രകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സുബ്രഹ്മണ്യത്തെ പിടികൂടാനായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
Read More : വാളയാർ പൊലീസ് മർദ്ദനം; 5 ദിവസത്തിന് ശേഷം നടപടിയെടുത്ത് പൊലീസ്; സിഐയ്ക്കും ഡ്രൈവർക്കുമെതിരെ കേസ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam