Asianet News MalayalamAsianet News Malayalam

വാളയാർ പൊലീസ് മർദ്ദനം; 5 ദിവസത്തിന് ശേഷം നടപടിയെടുത്ത് പൊലീസ്; സിഐയ്ക്കും ഡ്രൈവർക്കുമെതിരെ കേസ്

സഹോദരങ്ങൾ പരാതി നൽകി 5 ദിവസത്തിനു ശേഷമാണ്  കേസെടുത്തത്. ഹൃദയസ്വാമിയുടെയും ജോൺ ആൽബർട്ടിൻ്റെയും മൊഴി എടുത്തു.
 

valayar police atrocity case action against police officers
Author
First Published Oct 22, 2022, 11:24 AM IST

പാലക്കാട്: വാളയാറിൽ സഹോദരങ്ങളെ പൊലീസ് മർദ്ദിച്ച സംഭവത്തിൽ ഒടുവിൽ കേസെടുത്ത് പൊലീസ്. വാളയാർ സിഐയ്ക്കും ഡ്രൈവർക്കുമെതിരെയാണ് കേസെടുത്തത്. ഐ പി സി  323, 324, 34 എന്നീ ജാമ്യമുള്ള  വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കൂടുതൽ അന്വേഷണം നടത്തി ആവശ്യമെങ്കിൽ വകുപ്പിൽ മാറ്റം വരുത്തുമെന്ന് പൊലീസ് വ്യക്തമാക്കി. പാലക്കാട് ഡിസിആർബി ഡിവൈഎസ്പി ശ്രീകുമാറിനാണ് അന്വേഷണ ചുമതല. സഹോദരങ്ങൾ പരാതി നൽകി 5 ദിവസത്തിനു ശേഷമാണ്  കേസെടുത്തത്. ഹൃദയസ്വാമിയുടെയും ജോൺ ആൽബർട്ടിൻ്റെയും മൊഴി എടുത്തു.

സംഭവത്തിൽ വാളയാർ സിഐ രഞ്ജിത്ത് കുമാറിനെ സ്ഥലം മാറ്റിയിരുന്നു. കോഴിക്കോട് വളയം സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റിയത്. ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങിയിരുന്നു. ഹൃദ്രോഗിയായ അമ്മയുടെ ആരോഗ്യനില മോശമായതോടെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു ഉപ്പുകുഴി സ്വദേശികളായ സഹോദരങ്ങളായ ഹൃദയസ്വാമിയും ജോൺ ആൽബർട്ടും. ഇടയ്ക്ക് വെച്ച് കാർ നിർത്തിയപ്പോൾ അതുവഴി എത്തിയ വാളയാർ പൊലീസ് വിവരമന്വേഷിച്ചു. ശേഷം പൊലീസ് ജീപ്പ് മുന്നോട്ടെടുത്തപ്പോൾ കാറിൽ ഇടിച്ചു. ഇത് ചോദ്യം ചെയ്ത ഹൃദയസ്വാമിയെ വാളയാർ സിഐ അസഭ്യം പറയുകയും മർദ്ദിക്കുകയുമായിരുന്നു എന്നാണ് മുഖ്യമന്ത്രിക്കും എസ്പിക്കും നൽകിയ പരാതിയിൽ പറയുന്നത്. 

കാറിൽ നിന്ന് ഇറങ്ങി തടയാൻ ശ്രമിച്ച ജോൺ ആൽബർട്ടിനെയും ഉദ്യോഗസ്ഥര്‍ മർദ്ദിച്ചതായി പരാതിയുണ്ട്. മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ പൊലീസ് ബലം പ്രയോഗിച്ച് ഡിലീറ്റ് ചെയ്തെന്നും ഇവർ പറയുന്നു. പരുക്ക് വകവെക്കാതെ പിന്നീട്  ഇരുവരും അമ്മയെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ, മദ്യപിച്ചിരുന്ന ഹൃദയസ്വാമി പൊലീസിനോട് തട്ടിക്കയറുകയായിരുന്നെന്നാണ് വാളയാർ പൊലീസിൻ്റെ വിശദീകരണം. 

സംഭവത്തെ കുറിച്ച് ഉന്നത ഉദ്യോഗസ്ഥർ പ്രാഥമിക അന്വേഷണം നടത്തി. വാളയാർ സിഐയെ കുറിച്ച് പൊലീസിനകത്ത് തന്നെ വ്യാപക പരാതി ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. സഹപ്രവർത്തകരെ മാനസികമായി പീഡിപ്പിക്കുന്നുവെന പരാതിയിൽ സിഐയെ സ്ഥലം മാറ്റണമെന്ന ആവശ്യം പൊലീസ് അസോസിയേഷൻ മുന്നോട്ട് വെച്ചിട്ടുണ്ട്. ഇതിന് പിന്നലെയാണ് സിഐയെ സ്ഥലം മാറ്റി കൊണ്ടുള്ള ഉത്തരവിറങ്ങിയത്. 

ഭീകരവാദികള്‍ പോലും ചെയ്യാത്ത മര്‍ദ്ദനം', കിളികൊല്ലൂര്‍ വിഷയത്തില്‍ സൈന്യം ഇടപെടുന്നു

കിളികൊല്ലൂര്‍ മര്‍ദ്ദനം, 'എഎസ്ഐയെ മാത്രം കുറ്റക്കാരനാക്കുന്നു', സേനക്കുള്ളിൽ ഭിന്നത

Follow Us:
Download App:
  • android
  • ios