
പാലക്കാട്: പാലക്കാട് വളയാറിൽ ശമ്പളക്കുടിശിക ആവശ്യപ്പെട്ടതിന് മുൻ കമ്പനി ഉടമ ക്വട്ടേഷൻ നൽകി മർദ്ദിച്ചതായി പരാതി. ക്വട്ടേഷന്‍ ആക്രമണത്തില് യുവാവിന് ഗുരുതരമായി പരിക്കേറ്റു. അട്ടപ്പാടി സ്വദേശിയായ പ്രജീഷിനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ ഒരാളെ വാളയാർ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രിയാണ് സംഭവം. പ്രജീഷ്, കിണാശ്ശേരിയിലുള്ള ഫൈബർ ഡോർ കമ്പനിയിലാണ് മുൻപ് ജോലി ചെയ്തിരുന്നത്. പിന്നീട് കഞ്ചിക്കോട് വ്യവസായ മേഖലിയിലെ ഒരു കമ്പനിയിലേക്ക് ജോലി മാറി. പ്രജീഷിന്‍റേയും ഒപ്പമുണ്ടായിരുന്ന രണ്ട് പേരുടേയും ശമ്പളക്കുടിശ്ശിക ആവശ്യപ്പെട്ട് പഴയ കമ്പനി ഉടമയെ നിരന്തരം വിളിക്കുമായിരുന്നു. ഇതിൽ പ്രകോപിതനായി ഉടമ ക്വട്ടേഷൻ നൽകിയെന്നാണ് യുവാവ് ആരോപിക്കുന്നത്.
ശരീരമാസകലം മർദ്ദനമേറ്റ പ്രജീഷ് പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിലും ക്വട്ടേഷൻ സംഘത്തിന്റെ ഭീഷണിയുണ്ടെന്നാണ് യുവാവിന്‍റെ കുടുംബം പറയുന്നത്. സംഭവത്തിൽ ഒരാളെ വാളയാർ പൊലീസ് അറസ്റ്റ് ചെയ്തു. പിരായിരി സ്വദേശിയായ റിഫാസാണ് പിടിയിലായത്. പ്രജീഷ് മുമ്പ് ജോലി ചെയ്തിരുന്ന കമ്പനിയുടെ ഉടമ മുജീബ് ഉൾപ്പടെ ഇനിയും ഏഴുപേരെ കേസില്‍ പിടികൂടാനുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.