
മധുര: ദിണ്ടിഗല്‍ ജില്ലയില്‍ ദേശീയപാതയില്‍ നിര്‍ത്തിയിട്ട കാറില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് ആണ് നിര്‍ത്തിയിട്ടിരുന്ന കാറില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. തിരുപ്പൂരിലെ സ്വകാര്യ മില്ലിലെ ജീവനക്കാരിയായ പ്രിന്‍സി എന്ന 27കാരിയുടേതാണ് മൃതദേഹമെന്ന് സ്ഥിരീകരിച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ ദിവാകര്‍, ബന്ധുവായ ഇന്ദ്രകുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.
സംഭവത്തെ കുറിച്ച് പൊലീസ് പറഞ്ഞത്: ''പ്രിന്‍സിയും ദിവാകറും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് ബന്ധം ഉപേക്ഷിക്കാന്‍ ദിവാകര്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി താന്‍ സമ്മാനമായി നല്‍കിയ ആഭരണങ്ങളും പണവും തിരികെ നല്‍കണമെന്ന് ദിവാകര്‍ പ്രിന്‍സിയോട് ആവശ്യപ്പെട്ടു. എന്നാല്‍ പ്രിന്‍സി തയ്യാറായിരുന്നില്ല. തുടര്‍ന്ന് ദിവാകര്‍ തിരുപ്പൂരിന് സമീപത്തെ പല്ലടമെന്ന സ്ഥലത്തേക്ക് പ്രിന്‍സിയെ വിളിച്ച് വരുത്തി കയര്‍ കൊണ്ട് കഴുത്ത് ഞെരിച്ച് കൊന്നു.''
''തുടര്‍ന്ന് മൃതദേഹം ഉപേക്ഷിക്കാന്‍ ഇന്ദ്രകുമാറിന്റെ സഹായം തേടി. പല്ലടത്ത് നിന്ന് കിലോ മീറ്റര്‍ അകലെ മധുരയ്ക്ക് സമീപമാണ് മൃതദേഹം സംസ്‌കരിക്കാന്‍ ഇരുവരും പദ്ധതിയിട്ടത്. ഇന്ദ്രകുമാര്‍ മൃതദേഹവുമായി കാറിലും ദിവാകര്‍ ഇരുചക്രവാഹനത്തിലുമാണ് സ്ഥലത്തേക്ക് പുറപ്പെട്ടത്. കൊടൈ റോഡില്‍ സമീപം വാഹനം നിര്‍ത്തി കുഴിയെടുക്കാന്‍ ഇരുവരും ആരംഭിച്ചപ്പോഴാണ് പട്രോളിംഗ് സംഘം സ്ഥലത്തെത്തിയത്. വാഹനം കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.''
ഉടന്‍ തന്നെ പട്രോളിംഗ് സംഘം പ്രദേശത്തെ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. ദിവാകറിനെയും ഇന്ദ്രകുമാറിനെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam