ഒന്നര വയസുകാരനെ കടല്‍ഭിത്തിയില്‍ എറിഞ്ഞു, ശ്വാസംമുട്ടിച്ച് കൊന്നു; കണ്ണൂരിലെ കൊലപാതകത്തില്‍ അമ്മ അറസ്റ്റില്‍

By Web TeamFirst Published Feb 18, 2020, 7:36 PM IST
Highlights

കണ്ണൂരിലെ ഒന്നരവയസുകാരന്‍റെ കൊലപാതകത്തില്‍ പിതാവ് നിരപരാധി. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടി മകനെ കൊന്നത് അമ്മ തന്നെയെന്ന് പൊലീസ്. 

കണ്ണൂര്‍: കണ്ണൂര്‍ തയ്യിലിലെ കടലില്‍ തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ഒന്നരവയസുകാരന്‍റേത് കൊലപാതകമെന്ന് സ്ഥിരീകരണം. കുട്ടിയുടെ അമ്മ തന്നെയാണ് കൊല നടത്തിയത്. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് കുട്ടിയുടെ അമ്മ ശരണ്യ ഈ ക്രൂരകൃത്യം ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ശരണ്യയും പ്രണവും തമ്മില്‍ നേരത്തെ മുതല്‍ അസ്വരാസ്യങ്ങള്‍ നിലനിന്നിരുന്നുവെന്നും ഇതിനിടെ മറ്റൊരു ബന്ധത്തില്‍ ചേര്‍ന്ന ശരണ്യ കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടി ഒന്നരവയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. 

അച്ഛനൊപ്പം കിടന്നുറങ്ങിയ കുഞ്ഞിനെ പുലര്‍ച്ചെ രണ്ട് മണിയോടെ എടുത്ത് കടപ്പുറത്തേക്ക് പോയ ശരണ്യ കടല്‍ഭിത്തിയിലേക്ക് കുഞ്ഞിനെ വലിച്ചെറിഞ്ഞു. ഈ വീഴ്ചയുടെ ആഘാതത്തിലാണ് കുഞ്ഞിന്‍റെ തലയ്ക്ക് പരിക്കേറ്റത്. തലയടിച്ച് വീണ കുഞ്ഞ് കരഞ്ഞതിനെ തുടര്‍ന്ന് ശരണ്യ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊല്ലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ശരണ്യയുടെ വസ്ത്രത്തില്‍ കടല്‍വെള്ളത്തിന്‍റേയും മണലിന്റേയും സാന്നിധ്യം കണ്ടെത്തിയതാണ് കുറ്റം തെളിയുന്നതില്‍ നിര്‍ണായകമായത്.  

തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യ -പ്രണവ് ദമ്പതികളുടെ മകൻ വിയാന്റെ മൃതദേഹം ഇന്നലെയാണ് തയ്യിൽ കടപ്പുറത്ത്കണ്ടെത്തിയത്. കടലിനോട് ചേര്‍ന്നുള്ള പാറക്കെട്ടിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തലയ്ക്കേറ്റ ക്ഷതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത് എന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. 

അടച്ചിട്ട വീട്ടില്‍ അച്ഛനൊപ്പം കിടന്നുറങ്ങിയ കുട്ടിയ കടല്‍തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുട്ടിയുടെ പിതാവ് ഇന്നലെ തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെ കുട്ടിയുടെ അമ്മയുടെ ബന്ധുവും പിതാവിനെതിരെ സംശയമുന്നയിച്ച് പൊലീസിന് പരാതി നല്‍കി. ഇതോടെ പ്രണവിനേയും ശരണ്യയേയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യല്ലില്‍ ഇരുവരും പരസ്പരം ആരോപണം ഉന്നയിച്ചത് പൊലീസ് ആശയക്കുഴപ്പത്തിലാക്കിയെങ്കിലും ഒടുവില്‍ ഒന്നരവയസുകാരനെ കൊന്നത് അമ്മയാണെന്ന വ്യക്തമാവുകയായിരുന്നു. 

സംഭവസമയത്ത് കുട്ടിയുടെ അച്ഛനും അമ്മയും ധരിച്ച വസ്ത്രങ്ങള്‍ പൊലീസ് ശാസ്ത്രീയ പരിശോധനകള്‍ക്കായി ശേഖരിച്ചിരുന്നു. കടല്‍ഭിത്തിക്കരികില്‍ കുട്ടിയെ കൊണ്ടുപോയ വ്യക്തിയുടെ വസ്ത്രത്തില്‍ കടലില്‍ നിന്നുള്ള വെള്ളമോ ഉപ്പിന്‍റെ അംശമോ മണല്‍തരികളോ ഉണ്ടാകും. ഇക്കാര്യങ്ങള്‍ ഫോറന്‍സിക് പരിശോധനയിലൂടെ കണ്ടെത്താനാണ് പൊലീസ് വസ്ത്രങ്ങള്‍ ശേഖരിച്ചത്.

കുട്ടിയുടെ തലക്കേറ്റ ക്ഷതത്തെത്തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടില്‍ വ്യക്തമാക്കുന്നത്. കുട്ടിയുടെ മൂര്‍ദ്ധാവിലേറ്റ ക്ഷതമേറ്റിട്ടുണ്ട്. മരണകാരണമാകാവുന്നതാണ് ഈ ക്ഷതം. കുട്ടിയെ കൊലപ്പെടുത്തിയശേഷം കടൽഭിത്തിയിൽ തള്ളിയെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നതെന്ന് പൊലീസ്  പറയുന്നു. 

രാത്രി ഉറക്കിക്കിടത്തിയ കുട്ടിയെ രാവിലെ കാണാതായെന്ന അച്ഛന്റെ പരാതിയിൽ പൊലീസ് നടത്തിയ തെരച്ചിലിലാണ് ഇന്നലെ മൃതദേഹം കണ്ടെത്തിയത്. അടച്ചു പൂട്ടിക്കിടന്ന വീട്ടിൽ അച്ഛനൊപ്പം കിടന്നുറങ്ങിയിരുന്ന കുട്ടിയെ കാണാതായതിൽ ദുരൂഹതയുണ്ടെന്നും കൊലപാതകമെന്ന് സംശയിക്കുന്നതായും കുട്ടിയുടെ അമ്മയുടെ ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു. 

ഇന്നലെ രാവിലെ ആറരയോടെയാണ് കുട്ടിയെ കാണാതായതായി ബന്ധുക്കൾ അറിയുന്നത്. പതിനൊന്ന് മണിയോടെ കരിങ്കൽ ഭിത്തികൾക്കിടയിൽ  കമഴ്ന്നു കിടന്ന നിലയിൽ മൃതദേഹം കണ്ടെത്തി. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്നും 50 മീറ്റർ  അകലെയാണ് പ്രണവിന്‍റെ വീട്. ഡിവൈഎസ്‍പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഫോറൻസിക് വിദഗ്ധരും ഇന്നലെ സംഭവസ്ഥലത്തെത്തി വീട് പരിശോധിച്ചിരുന്നു. 

click me!