
കൊല്ലം: കൊല്ലത്ത് ഡോക്ടര്‍ ചമഞ്ഞ് വിവാഹ തട്ടിപ്പ് നടത്തിയ യുവതിക്കായി അന്വേഷണം ഊര്‍ജ്ജിതം. കരവാളൂര്‍ സ്വദേശി റീന സംസ്ഥാനം വിട്ടെന്ന് പൊലീസ് അറിയിച്ചു. കോട്ടാത്തല സ്വദേശിയായ സൈനികനാണ് തട്ടിപ്പിനിരയായത്. രണ്ട് മക്കളുടെ അമ്മയായ റീന ആദ്യ വിവാഹമെന്ന തരത്തിലാണ് കോട്ടാത്തല മൂഴിക്കോട് സ്വദേശിയായ സൈനികനെ കബളിപ്പിച്ചത്.
ഡോക്ടര്‍ അനാമിക എന്ന പേര് പറഞ്ഞാണ് ഇവര്‍ സൈനികനുമായി അടുപ്പമുണ്ടാക്കിയതും പിന്നീട് 2014ല്‍ വിവാഹത്തിലെത്തിയതും. അനാഥയാണെന്ന് പറഞ്ഞതിനാല്‍ കൂടുതല്‍ അന്വേഷണം നടത്താതെയായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം ഇവര്‍ ചെന്നൈയിലേക്ക് പോയി.
റെയില്‍വേയില്‍ ഡോക്ടറായി ജോലി ലഭിച്ചുവെന്നായിരുന്നു ഇവര്‍ ഭര്‍തൃബന്ധുക്കളോട് പറഞ്ഞിരുന്നത്. കോട്ടാത്തലയിലെ വീടിന് മുന്നില്‍ ഗൈനക്കോളജിസ്റ്റെന്ന പേര് വയ്ക്കുകയും ചെയ്തു. സ്തെതസ്കോപ്പും മരുന്നുകളും ഇവര്‍ വീട്ടില്‍ സൂക്ഷിക്കുകയും ചെയ്തു. വിവിധ ആവശ്യങ്ങള്‍ക്കെന്ന് പറഞ്ഞ് സൈനികനില്‍ നിന്ന് 20 ലക്ഷം രൂപ ഇവര്‍ വാങ്ങിയിരുന്നു.
സൈനികന്‍റെ ബന്ധുവിന് റെയില്‍വേയില്‍ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞും ഇവര്‍ പണം വാങ്ങിയിരുന്നു. റീനയുടെ ബാഗില്‍ നിന്ന് കിട്ടിയ റിസര്‍വേഷൻ ടിക്കറ്റില്‍ നിന്നാണ് തട്ടിപ്പ് പുറത്തറിയുന്നത്. ഇതില്‍ ഇവരുടെ പേര് റീനാ സാമുവേല്‍ എന്നായിരുന്നു. കൂടുതല്‍ അന്വേഷണത്തില്‍ ഇവര്‍ ബ്യൂട്ടിഷ്യൻ കോഴ്സും പ്രീഡിഗ്രിയും മാത്രമേ പാസായിട്ടുള്ളൂവെന്ന് മനസിലായി.
സൈനികന്‍റെ സഹോദരിയാണ് കൊല്ലം റൂറല്‍ എസ്പിക്ക് പരാതി നല്‍കിയത്. പക്ഷേ പരാതി നല്‍കി രണ്ടരയാഴ്ച കഴിഞ്ഞിട്ടും ഇവരെ പിടികൂടാൻ പൊലീസിനായിട്ടില്ല. റീന മുൻകൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും വിവരമുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam