തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെ ഏറ്റുമുട്ടൽ; ഗുണ്ടാത്തലവൻ കൊല്ലപ്പെട്ടു

By Web TeamFirst Published Feb 29, 2020, 8:37 PM IST
Highlights

ഇതിനിടെ പൊലീസ് വാഹനത്തിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഭരതിനുനേരെ നന്ദിനി ലേ ഔട്ട് പൊലീസ് ഇൻസ്പെക്ടർ വെടിയുതിർക്കുകയായിരുന്നു. ഭരതിനെ ഗുരുതരാവസ്ഥയിൽ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

ബെംഗളൂരു: കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഗുണ്ടാത്തലവൻ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. തമിഴ്നാട് സ്വദേശിയായ ഭരത് (31 ) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച്ച രാവിലെ പീനിയയിൽ നടന്ന ഏറ്റുമുട്ടലിലാണ് 'സ്ലം ഭരത്' എന്നറിയപ്പെടുന്ന ഭരതിനെ പൊലീസ് വെടിവെച്ചു കൊന്നത്.

കഴിഞ്ഞ മാസം കുമാരസ്വാമി ലേ ഔട്ടിൽ വച്ച് പൊലീസുകാരെ ആക്രമിച്ച സംഭവത്തിൽ മുഖ്യപ്രതിയായ ഭരത് മൊറാദാബാദിൽ ഒരു വനിതാ സുഹൃത്തിന്റെ വീട്ടിൽ ഒളിച്ചു താമസിക്കുകയായിരുന്നു. അവിടെ വച്ച് പൊലീസ് പിടിയിലായ ഇയാളെ തെളിവെടുപ്പിനായി ബെംഗളൂരുവിലെത്തിക്കുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. 

ഭരതിന്റെ അനുയായികളെന്ന് കരുതുന്ന ഒരു കൂട്ടം ആളുകൾ പൊലീസ് വാഹനത്തെ പിന്തുടരുകയും പീനിയയിലെ എസ് എസ് സർക്കിളിന് സമീപമെത്തിയപ്പോൾ മാരകായുധങ്ങളുപയോഗിച്ച് ആക്രമിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഇതിനിടെ പൊലീസ് വാഹനത്തിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഭരതിനുനേരെ നന്ദിനി ലേ ഔട്ട് പൊലീസ് ഇൻസ്പെക്ടർ വെടിയുതിർക്കുകയായിരുന്നു. ഭരതിനെ ഗുരുതരാവസ്ഥയിൽ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഏറ്റുമുട്ടലിനിടെ ഒരു കോൺസ്റ്റബിളിന് പരിക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ട ഭരതിന്റെ പേരിൽ വിവിധ സ്റ്റേഷനുകളിലായി അര ഡസനോളം ക്രിമിനൽ കേസുകൾ നിലനിൽക്കുന്നതായും പൊലീസ് പറഞ്ഞു.

click me!