
കൊല്ലം: കൊല്ലം പരവൂരിൽ കടയിൽ മദ്യപിച്ചെത്തിയത് ചോദ്യം ചെയ്തതിന് യുവതിയെ ആക്രമിച്ച സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. കലയ്ക്കോട് സ്വദേശി അനിയാണ് പൊലീസ് പിടിയിലായത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം.
കലയ്ക്കോട് ചായക്കട നടത്തുന്ന യുവതിയുടെ കടയിൽ ഒന്നാം പ്രതിയായ സുനിൽകുമാറും അനിയും മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കുക പതിവായിരുന്നു. ഇവര്‍ കടയിൽ മദ്യപിച്ചെത്തുന്നത് യുവതി വിലക്കി. ഇതിൽ പ്രകോപിതരായ പ്രതികൾ കടയുടമയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു. പ്രതികരിച്ച യുവതിയെ ഇന്ന് പിടിയിലായ അനി കഴുത്തിൽ കത്തി വയ്ക്കുകയും അക്രമിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
യുവതിക്കും ബന്ധുവിനും പ്രതികളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. ഒന്നാം പ്രതിയായ സുനിൽകുമാറിനെ സംഭവ ദിവസം തന്നെ പരവൂര്‍ പൊലീസ് പിടികൂടിയിരുന്നു. കോടതിയിൽ ഹാജരാക്കിയ അനിയെ റിമാന്‍റ് ചെയ്തു.
Read More: മുക്കുപണ്ടം പണയം വെച്ച് എട്ട് ലക്ഷം തട്ടി; ഒളിവിലായിരുന്ന പ്രതി ഒരു വര്‍ഷത്തിന് ശേഷം പിടിയില്‍
മദ്യപാനത്തിനിടെ തർക്കം; സുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്തിയ പ്രതിയെ റിമാൻഡ് ചെയ്തു
ഇടുക്കി: ഇടുക്കി അണക്കരക്ക് സമീപം ചെല്ലാർകോവിലിൽ മദ്യപാനത്തെിനിടെയുണ്ടായ തർക്കത്തിൽ സുഹൃത്തിനെ കൊലപ്പെടുത്തിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ചെല്ലാർ കോവിൽ സ്വദേശി രാഹുലാണ് കേസിലെ പ്രതി. ഒന്നാം മൈൽ സ്വദേശി ഇടപ്പാടിയിൽ ഷാജി തോമസിനെയാണ് രാഹുൽ കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്.
ചെല്ലാർകോവിലിലെ വീട്ടിൽ വച്ച് ചൊവ്വാഴ്ച ഉച്ചക്കാണ് രാഹുൽ സുഹൃത്തായ ഷാജിയെ കൊലപ്പെടുത്തിയത്. കത്തികൊണ്ട് തലക്കു പുറകിലേറ്റ വെട്ടാണ് മരണകാരണമായത്. രാവിലെ മുതൽ മറ്റൊരു സുഹൃത്തിനൊപ്പം ഇരുവരും അണക്കരയിലെത്തി മദ്യപിച്ചു. സുഹൃത്ത് വീട്ടിലേക്ക് പോയതിനു ശേഷം ഷാജിയും രാഹുലിൻറെ വീട്ടിലെത്തി. മൂന്നു മാസം മുമ്പ് ഷാജി രാഹുലിനെ വെട്ടിപ്പരുക്കേൽപ്പിക്കുകയും സഹോദരനെ മർദ്ദിക്കുകയും ചെയ്തിരുന്നു. പരാതി നൽകാത്തതിനാൽ കേസെടുത്തിരുന്നില്ല. ഇതേചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി.
തർക്കത്തിനിടെ രാഹുൽ വീട്ടിലുണ്ടായിരുന്ന കമ്പുപയോഗിച്ച് ഷാജിയെ അടിച്ചു. തിരച്ചാക്രമിക്കാൻ വന്നപ്പോൾ കത്തിയുപയോഗിച്ച് വെട്ടുകയായിരുന്നുവെന്നാണ് രാഹുൽ പൊലീസിനോട് പറഞ്ഞത്. തലക്കു പുറകിൽ അഞ്ചു സെന്‍റീമീറ്റർ വരെ നീളത്തിലുള്ള വെട്ടേറ്റ് നാലു മുറിവുകളുണ്ടായിരുന്നു. ഇതിൽ നിന്നും രക്തം വാർന്നാണ് ഷാജി തോമസ് മരിച്ചത്. കൊലപാതക വിവരം രാഹുൽ തന്നെയാണ് അയൽവാസികളെ അറിയിച്ചിത്. ഇവർ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി കസ്റ്റഡിയിൽ എടുത്തു. ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റു രേഖപ്പെടുത്തി. പ്രതിയെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam