
കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടിയിൽ ബധിര-മൂക വിദ്യാർത്ഥികളെ ആക്രമിച്ച കേസിൽ പ്രതികളെ പിടികൂടാതെ പൊലീസ് അലംഭാവം കാണിക്കുന്നുവെന്ന് പരാതി. പുളിക്കൽ എബിലിറ്റി അർട്സ് ആന്റ് സയൻസ് കോളേജ് വിദ്യാർത്ഥികളെ കഴിഞ്ഞ വെള്ളിയാഴ്‌ച്ച രാത്രിയിലാണ് മുഖം മൂടിസംഘം ആക്രമിച്ചത്.
വിദ്യാർത്ഥികളായ അബൂബക്കർ സിദ്ദീഖ്, മുഹമ്മദ് റാഷിദ്, റമീസ്, സമൽ പ്രശാന്ത്, എം കെ റാഷിദ്, സെയ്ഫുദ്ദീൻ, മുഹമ്മദ് ഖൈസ് എന്നിവർക്കാണ് പരിക്കേറ്റത്. മൈതാനത്തിലെ വാഹന പാർക്കിംഗിനെ ചൊല്ലി വൈകിട്ട് വിദ്യാർത്ഥികളും കോളേജിനു പുറത്തുള്ളവരും തമ്മിൽ വാക്ക് തർക്കമുണ്ടായിരുന്നു.
ഇതിനു ശേഷം രാത്രി താമസസ്ഥലത്തേക്ക് പോകുകയായിരുന്ന വിദ്യാർത്ഥികളെ ഓട്ടോറിക്ഷയിലും കാറിലുമായെത്തിയ മുഖം മൂടിസംഘം ആയുധങ്ങളുപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് കെസെടുത്തെങ്കിലും ഇതുവരെ പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല.
കുട്ടികളെ ആക്രമിച്ചത് കോളേജ് അധികൃതർ രക്ഷിതാക്കളെ കൃത്യമായി അറിയിച്ചില്ലെന്നും രക്ഷിതാക്കൾക്ക് പരാതിയുണ്ട്. എന്നാൽ വിദ്യാർത്ഥികളെ ആക്രമിച്ച സംഭവത്തിൽ ഉടൻ തന്നെ ഇടപെട്ടിരുന്നുവെന്നാണ് കോളേജ് പ്രിൻസിപ്പാളിന്റെ വിശദീകരണം. ബധിര-മൂക വിദ്യാർത്ഥികളായതിനാൽ കാര്യങ്ങൾ ചോദിച്ചറിയാനുള്ള കാലതാമസം മാത്രമേ വന്നിട്ടുള്ളൂവെന്നും പിൻസിപ്പാൾ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam