സ്ഥലവും വീടും നന്നായി അറിയാവുന്ന ആളാകാം മോഷണത്തിനു പിന്നിലെന്നാണ് നിഗമനം

ഉളിക്കൽ: കണ്ണൂർ ഉളിക്കലിൽ നുച്യാട്ടെ പ്രവാസിയുടെ വീട്ടിൽ നിന്നും 27 പവൻ സ്വർണം കവർന്നു. വീട്ടിലുളളവർ വിമാനത്താവളത്തിൽ പോയ സമയത്തായിരുന്നു മോഷണം. സംഭവത്തിൽ ഉളിക്കൽ പൊലീസ് അന്വേഷണം തുടങ്ങി. കണ്ണൂർ ഉളിക്കൽ നുച്യാട്ടെ പ്രവാസിയുടെ വീട്ടിൽ നടന്നത് വൻകവർച്ചയാണ്. വ്യാഴാഴ്ച്ച രാവിലെ ആറുമണിയോടെ നുച്യാട്ടെ വീട്ടിൽ നിന്നും സിമിലി ഭർത്താവിനെ സ്വീകരിക്കാൻ കോഴിക്കോട് എയർപോർട്ടിലേക്ക് തിരിച്ചു. ഒപ്പം മകളും ബന്ധുവും. ഈ സമയം വീട്ടിലുണ്ടായിരുന്നത് ഭിന്നശേഷിക്കാരനായ അച്ഛൻ മാത്രമായിരുന്നു. ഏഴുമണിയോടെ അച്ഛൻ പ്രഭാതഭക്ഷണം കഴിക്കാൻ നുച്യാട് ഭാഗത്തേക്ക് പോയി. വീടിന്റെ വാതിൽ പൂട്ടാതെ ചാരിയിട്ടു. ഈ സമയമാകാം കവർച്ച നടന്നതെന്നാണ് പ്രാഥമിക നിഗമനം. വീടിനുള്ളിൽ കയറിയ മോഷ്‌ടാവ് കിടപ്പുമുറിയിലെ അലമാരയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന 27 പവൻ സ്വർണ്ണം കവർന്നു. സുരക്ഷിതമായി മടങ്ങി. ഇതിനിടെ മടങ്ങിയെത്തിയ അച്ഛൻ മോഷണ വിവരം അറിഞ്ഞില്ല.

വൈകീട്ട് ഭർത്താവുമായി സിമിലിയും മകളും തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്നതായി കണ്ടത്. റൂമിലെ അലമാര തുറന്നിട്ട നിലയിൽ വസ്ത്രങ്ങളും മറ്റും വാരി ലിച്ചിട്ടിരുന്നു. വീട്ടിലും പരിസരത്തും സിസിടിവി ക്യാമറകൾ ഉണ്ടായിരുന്നില്ല. സമീപ സ്ഥാപനങ്ങളിലേയും വീടുകളിലേയും ക്യാമറകൾ പൊലീസ് പരിശോധിച്ചു. സ്ഥലവും വീടും നന്നായി അറിയാവുന്ന ആളാകാം മോഷണത്തിനു പിന്നിലെന്നാണ് നിഗമനം. ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. സമാനമായ മറ്റൊരു സംഭവത്തിൽ രാജകുമാരി പഞ്ചായത്തിലെ നടുമറ്റത്ത് പട്ടാപ്പകൽ മേഷ്ടാക്കൾ വീട്ടിൽ കയറി വയോധികയെ കെട്ടിയിട്ട് മോഷണം നടത്തിയ കേസിൽ ഒരാൾ പിടിയിൽ. കൊല്ലം അഞ്ചുതെങ്ങ് സ്വദേശി തെരുവത്ത് ബനാൻസിൻറെ ഭാര്യ സോണിയ എന്ന് വിളിക്കുന്ന സരോജയാണ് രാജാക്കാട് പൊലീസിൻറെ പിടിയിലായത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് നടുമറ്റം പാലക്കുന്നേൽ ടോമിയുടെ വീട്ടിൽ കവർച്ച നടന്നത്. രാവിലെ ഒൻപതരയോടെ ടോമിയുടെ അമ്മ എൺപതുകാരിയായ മറിയക്കുട്ടി മാത്രമായിരുന്നു സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്. രണ്ട് സ്ത്രീകൾ ഉൾപ്പെടുന്ന മൂന്നംഗ സംഘമാണ് വീട്ടിലെത്തിയത്. കുടിക്കാൻ വെള്ള ചോദിച്ചെത്തിയ സംഘം വീട്ടിനുള്ളിൽ കടന്ന് മറിയക്കുട്ടിയെ ഊണ് മേശയിൽ കെട്ടിയിട്ടു. മറിയക്കുട്ടിയുടെ വിരലിലുണ്ടായിരുന്ന 4 ഗ്രാം തൂക്കം വരുന്ന 3 മോതിരങ്ങൾ ഊരിയെടുക്കുകയും അലമാര തുറന്ന് അതിലുണ്ടായിരുന്ന 3000 രൂപയും കവർന്നു. രാജാക്കാട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളിലൊരാൾ പിടിയിലായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം