ഡി​ഗ്രി പൂർത്തിയാക്കാൻ ഭർത്താവും ഭർതൃവീട്ടുകാരും സമ്മതിച്ചില്ല; ലക്ഷ്മിയുടെ മരണത്തിന് കാരണമിതാകാമെന്ന് പൊലീസ്

By Web TeamFirst Published Mar 19, 2024, 1:05 AM IST
Highlights

ഏറെ നാളായി പ്രണയത്തിലായിരുന്ന ലക്ഷ്മിയും കിരണും വീട്ടുകാരുടെ എതിർപ്പ് മറികടന്നാണ് വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷം ലക്ഷ്മിയുടെ വീട്ടുകാരുമായി ഇരുവർക്കും ബന്ധമുണ്ടായിരുന്നില്ല.

തിരുവനന്തപുരം: വർക്കലയിൽ ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് പൊലീസ്. മണമ്പൂർ പേരേറ്റ്കാട്ടിൽ വീട്ടിൽ ലക്ഷ്മി ആണ് മരിച്ചത്. ബിരുദ വിദ്യാർത്ഥിയായിരുന്ന ലക്ഷ്മിയുടെ തുടർപഠനത്തെ ഭർത്താവ് കിരൺ എതിർത്തതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ശങ്കരൻമുക്കിലെ വാടക വീട്ടിലാണ് കിരണും ലക്ഷ്മിയും താമസിച്ചിരുന്നത്. ഈ വീട്ടിലെ ജനൽകമ്പിയിൽ ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് ലക്ഷ്മിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

19കാരിയായ ലക്ഷ്മി ഒന്നരമാസം ഗർഭിണിയായിരുന്നു. പതിനൊന്ന് മാസം മുമ്പാണ് ഇരുവരുടെയും വിവാഹം നടന്നത്. അവസാന വർഷ ബിരുദ വിദ്യാർത്ഥിയായിരുന്ന ലക്ഷ്മിയുടെ പഠനം പൂർത്തിയാക്കുന്നത് കിരണും ഭർതൃവീട്ടുകാരും എതിർത്തിരുന്നു. ഇതിനെതുടർന്നുള്ള മാനസിക പ്രയാസമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കടയ്ക്കാവൂർ പൊലീസ് കേസെടുത്ത് അന്വേഷണം തു‍ടങ്ങി.

ഏറെ നാളായി പ്രണയത്തിലായിരുന്ന ലക്ഷ്മിയും കിരണും വീട്ടുകാരുടെ എതിർപ്പ് മറികടന്നാണ് വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷം ലക്ഷ്മിയുടെ വീട്ടുകാരുമായി ഇരുവർക്കും ബന്ധമുണ്ടായിരുന്നില്ല. ലക്ഷ്മിയുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം സ്വന്തം വീട്ടിൽ എത്തിച്ച് സംസ്കരിച്ചു. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

click me!