2025 മാർച്ചിൽ മീററ്റിൽ നടന്ന സൗരഭ് രജ്പുത് എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് കുറിപ്പുകളും വാർത്തകളുടെ വിവരങ്ങളുമായിരുന്നു ഭാര്യയുടെ ഫോണിൽ രാജ്കുമാർ കണ്ടെത്തിയത്.
ലക്നൌ: ഭാര്യയുടെ അവിഹിത ബന്ധം കയ്യോടെ കണ്ടെത്തി. പിന്നാലെ ഭാര്യയുടെ ഫോണിലെ ഗാലറിയിൽ കണ്ടെത്തിയത് ക്രൂരമായ പദ്ധതിയുടെ സൂചന. ഒട്ടും വൈകാതെ ഭാര്യയെ കാമുകനൊപ്പം അയച്ച് ഭർത്താവ്. ഉത്തർ പ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം. രാജ്കുമാർ എന്ന യുവാവാണ് സ്വന്തം ജീവൻ രക്ഷിക്കാൻ ഭാര്യയെ കാമുകനൊപ്പം അയച്ചത്. ഭാര്യയുടെ അവിഹിത ബന്ധത്തിന്റെ പേരിൽ ഇരുവരും തമ്മിൽ തർക്കം പതിവായിരുന്നു. കഴിഞ്ഞ ജൂലൈ മാസത്തിൽ രാജ്കുമാറിന്റെ ഭാര്യ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് ഭാര്യയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയി. അവിഹിത ബന്ധത്തേക്കുറിച്ച് രാജ്കുമാർ ചോദിക്കുമ്പോഴൊക്കെ തെളിവ് എന്തായിരുന്നുവെന്നായിരുന്നു യുവതി ചോദിച്ചിരുന്നത്.
ഒരു ദിവസം ഭാര്യ കാമുകനുമായി ഫോണിൽ സംസാരിക്കുന്നതിനിടെ രാജ്കുമാർ ഫോൺ പിടിച്ചുവാങ്ങി. ഫോൺ പരിശോധിച്ചപ്പോൾ കണ്ട കാര്യങ്ങൾ രാജ്കുമാറിനെ ഞെട്ടിച്ചു. ഭാര്യയുടെ അർദ്ധനഗ്ന ചിത്രങ്ങൾ മാത്രമല്ല, കൊലപാതകവുമായി ബന്ധപ്പെട്ട ചില ഫേസ്ബുക്ക് പോസ്റ്റുകളും അതിലുണ്ടായിരുന്നു. 2025 മാർച്ചിൽ മീററ്റിൽ നടന്ന സൗരഭ് രജ്പുത് എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് കുറിപ്പുകളും വാർത്തകളുടെ വിവരങ്ങളുമായിരുന്നു ഭാര്യയുടെ ഫോണിൽ രാജ്കുമാർ കണ്ടെത്തിയത്. ഇതോടെ തന്നെ കൊന്ന് ഒരു ഡ്രമ്മിലിട്ട് സിമൻ്റ് നിറച്ച് തെളിവ് നശിപ്പിക്കാനാണ് ഭാര്യയുടെ പദ്ധതിയെന്ന് രാജ്കുമാറിന് ഉറപ്പായി. ഭാര്യയെ ചോദ്യം ചെയ്തപ്പോൾ രാജ്കുമാറിനെ മാത്രമല്ല മൂന്ന് സഹോദരന്മാരേയും കൊലപ്പെടുത്തുമെന്നും യുവതി പറഞ്ഞു.
പിന്നാലെ രാജ്കുമാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് പരാതി അന്വേഷിക്കാനായി യുവതിയെ വിളിച്ച് വിവരം തെരക്കിയപ്പോൾ കാമുകനൊപ്പം ജീവിക്കണമെന്ന നിലപാടാണ് ഭാര്യ സ്വീകരിച്ചത്. തുടർന്ന് രാജ്കുമാർ ഭാര്യയുടെ കാമുകനെ നേരിൽ കണ്ടു. ഒടുവിൽ സ്വന്തം ജീവൻ രക്ഷിക്കുന്നതിനായി ഭാര്യയെ അയാൾക്കൊപ്പം അയക്കാൻ രാജ്കുമാർ സമ്മതിക്കുകയായിരുന്നു. 2025 മാർച്ചിൽ മീററ്റിൽ നടന്ന സൗരഭ് രജ്പുത് എന്നയാളുടെ കൊലപാതകം രാജ്യം ചർച്ച ചെയ്തിരുന്നു. സൗരഭിൻ്റെ ഭാര്യ മുസ്കാനും കാമുകൻ സാഹിലും ചേർന്ന് സൗരഭിനെ കൊന്ന് ശരീരം 15 കഷണങ്ങളാക്കി മുറിച്ചു. പിന്നീട് തെളിവ് നശിപ്പിക്കാനായി മൃതദേഹം ഒരു നീല പ്ലാസ്റ്റിക് ഡ്രമ്മിലിട്ട് സിമൻ്റ് നിറച്ച് അടയ്ക്കുകയായിരുന്നു. ഇതേ രീതിയിൽ രാജ്കുമാറിനെയും കൊല്ലാനായിരുന്നു ഭാര്യയുടെ പദ്ധതിയെന്നാണ് രാജ്കുമാർ ആരോപിക്കുന്നത്.


