Attack : വഴിത്തർക്കത്തിനിടെ യുവതിയെ ആക്രമിച്ചു, വധശ്രമത്തിന് കേസെടുത്ത് പൊലീസ്

By Web TeamFirst Published Nov 28, 2021, 4:22 PM IST
Highlights

തലയ്ക്ക് മൺവെട്ടികൊണ്ടുളള അടിയേറ്റ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസ് എടുത്തത്. 

കോഴിക്കോട് : ഇരിങ്ങലിൽ വഴിത്തർക്കത്തിനിടെ യുവതിയെ ആക്രമിച്ച (attack against lady) സംഭവത്തിൽ വധശ്രമത്തിന് കേസെടുത്തു. നാട്ടുകാരായ അഞ്ചുപേർക്കെതിരെയും കണ്ടാലറിയാവുന്ന 30 പേർക്കെതിരെയുമാണ് കേസെടുത്തത്. പറമ്പിലൂടെ വഴിവെട്ടുന്നത് ചോദ്യം ചെയ്തതിനാണ് പയ്യോളി കൊളാവിപാലം സ്വദേശി ലിഷക്ക് ആക്രമണമേറ്റത്. തലയ്ക്ക് മൺവെട്ടികൊണ്ടുളള അടിയേറ്റ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസ് എടുത്തത്. 

പുലർച്ചെ മൂന്നരയോടെയാണ് സംഭവം. കൊളാവി പാലം സ്വദേശി ലിഷയുടെ പറമ്പലൂടെ വഴിവെട്ടുന്നത് സംബന്ധിച്ച് നേരത്തെ തർക്കങ്ങളുണ്ടായിരുന്നു. നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി മണ്ണിറക്കുന്ന ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് ആക്രമണം. തടയാൻ ശ്രമിക്കുന്നതിനിടെ ആദ്യം കല്ലേറുണ്ടായെന്നും പിന്നീട് മൺവെട്ടി ഉപയോഗിച്ച് ആക്രമിച്ചെന്നും ലിഷ പറഞ്ഞു. 

മുപ്പതോളം പേർ അടങ്ങിയ സംഘമാണ് ആക്രമിച്ചത്. മൺവെട്ടികൊണ്ടുളള അടിയേറ്റ് രക്തം വാർന്നുകിടന്നിട്ടും ഏറെ നേരം ആരും ആശുപത്രിയിലെത്തിച്ചില്ല. പിന്നീട് പയ്യോളി പൊലീസെത്തിയ ശേഷമാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവരുടെ  പറമ്പിലൂടെയുളള നടവഴി വീതികുട്ടുന്നതിനെ ചൊല്ലിയാണ് നിലവിലെ പ്രശ്നം. പറമ്പിലൂടെയുളള നിർമ്മാണ പ്രവർത്തനങ്ങൾ തടഞ്ഞുകൊണ്ട് അനുകൂല കോടതി വിധി നിലനിൽക്കെയാണ് പുതിയ സംഭവമെന്നും ഇവർ പറയുന്നു. 

 

click me!