
തിരുവനന്തപുരം: ആദിവാസി പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും തുടർന്ന് കൂട്ടുകാർക്ക് കാഴ്ചവയ്ക്കുകയും ചെയ്ത സംഭവത്തിൽ കാമുകൻ ഉൾപ്പടെ മൂന്ന് പേരെ പാലോട് പൊലീസ് ലോഡ്ജിന്റെ വാതിൽ പൊളിച്ചു അകത്ത് കയറി പിടികൂടി. അടുത്ത ദിവസം പെണ്കുട്ടിയെ മാർത്താണ്ഡത്ത് എത്തിച്ചു മറ്റൊരു സംഘത്തിന് വിൽക്കാൻ ഒരുങ്ങുന്നതിനിടെയാണ് സംഘത്തെ പൊലീസ് പിടികൂടിയത്. പാലോട് പെരിങ്ങമ്മല ഒഴുകുപാറ മുനീറ മൻസിലിൽ മുഹ്സീൻ(19) ആണ് കൂട്ടുകാർക്കുവേണ്ടി കാമുകിയെ തട്ടിക്കൊണ്ടുപോയത്. കേസിൽ മുഹ്സിനെ കൂടാതെ തമിഴ്നാട് മാർത്താണ്ഡം പൊങ്ങിൻകല പുത്തൻവീട്ടിൽ ആസിൻ (21), കൽക്കുളം തിരുവട്ടാർ മാർത്താണ്ഡം കണ്ണൻകരവിളയിൽ വീട്ടിൽ വിജയകുമാർ (32) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തു.
ഇക്കഴിഞ്ഞ പതിനേഴിനാണ് പെൺകുട്ടിയെ കാണാനില്ലെന്നു രക്ഷിതാക്കൾ പാലോട് പൊലീസിൽ പരാതി നൽകിയത്. മുഹ്സിന്റെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആസിനെയും വിജയകുമാറിനേയും കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്. പൊലീസിന്റെ പരിശോധനയിൽ ഇവരുടെ ഫോണുകളെല്ലാം നന്ദിയോട് മേഖലയിൽ വെച്ച് സ്വിച്ച് ഓഫ് ആക്കിയതായി കണ്ടെത്തിയിരുന്നു. പെണ്കുട്ടിയെ ഇടിഞ്ഞാറിൽനിന്നു മുഹ്സിൻ മലയോര ഹൈവേയുടെ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന ഹിറ്റാച്ചിയുടെ ഡ്രൈവർമാരായ വിജയകുമാർ, ആസിൻ എന്നിവർ വാടകയ്ക്കുതാമസിക്കുന്ന താന്നിമൂട്ടിലെ ലോഡ്ജ് മുറിയിലെത്തിക്കുകയായിരുന്നു. ആൺ വേഷം ധരിപ്പിച്ചാണ് പെൺകുട്ടിയെ മറ്റുള്ളവരുടെ കണ്ണുവെട്ടിച്ചു ലോഡ്ജിനുള്ളിൽ എത്തിച്ചതെന്ന് പൊലീസ് പറയുന്നു.
മൊബൈൽ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ലോഡ്ജിൽ എത്തിയ പൊലീസ് സംഘം മുറിയുടെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കയറുകയായിരുന്നു. ഈ സമയം മുറിയിൽ പെണ്കുട്ടിയും പ്രതികളുമുണ്ടായിരുന്നു. അടുത്ത ദിവസം പെണ്കുട്ടിയെ മാർത്താണ്ഡത്തെ ഒറി സംഘത്തിന് വിൽക്കാനായിരുന്നു പദ്ധതിയെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. ഒന്നാം പ്രതി മുഹ്‌സിൻ പ്രായപൂർത്തിയാകുന്നതിനു മുൻപും ബെംഗളൂരുവിൽ കൊണ്ടുപോയി പീഡിപ്പിച്ചിരുന്നുവെന്ന് പെൺകുട്ടി മൊഴി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരവും കേസെടുത്തതായി പാലോട് സി.ഐ. മനോജ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam