ഇടുക്കിയിൽ കഞ്ചാവ് മാഫിയ തട്ടിക്കൊണ്ടു പോയ യുവാവിനെ പൊലീസ് രക്ഷിച്ചു

By Web TeamFirst Published May 19, 2020, 9:44 PM IST
Highlights

  ഇടുക്കി വണ്ടമറ്റത്ത് യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

വണ്ടമറ്റം:  ഇടുക്കി വണ്ടമറ്റത്ത് യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ലഹരിക്കടത്ത് സംഘമാണ് തട്ടിക്കൊണ്ട് പോകലിന് പിന്നില്ലെന്നും ഒളിവിലുള്ള പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയെന്നും പൊലീസ് അറിയിച്ചു.

വണ്ടമറ്റം സ്വദേശി അരുണിനെയാണ് ഒരു സംഘം യുവാക്കൾ ചേർന്ന് തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. അരുണിന്‍റെ ജ്യേഷ്ഠൻ അർജുനെ ഒരു സംഘം യുവാക്കൾ കളിയാക്കി. ഇവരെ അർജുൻ വീട്ടിൽ കയറി ചീത്ത വിളിച്ചു. ഇവർ വാക്കത്തിയുമായി പുറത്തിറങ്ങിയോടെ അർജുനും സംഘവും ഓടിരക്ഷപ്പെട്ടു. 

പിന്നാലെ ഇവർ അർജുന്‍റെ വീട് ആക്രമിച്ചു. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനത്തിന്‍റെ ചില്ല് തകർത്തു. വീട്ടിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താതിനെ തുടർന്ന് അർജുനെ വരുത്താൻ അനുജൻ അരുണിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പിതാവിന്‍റെ പരാതിയിൽ വാഹന പരിശോധനയിലാണ് തട്ടിക്കൊണ്ടുപോകൽ സംഘത്തെ പൊലീസ് പിടികൂടിയത്. രണ്ട് പേർ ഒഴികെ സംഘത്തിലുണ്ടായിരുന്ന ബാക്കിയുള്ളവർ ഓടിരക്ഷപ്പെട്ടു. 

പ്രദേശത്ത് കഞ്ചാവ് വിൽപ്പന സംഘം സജീവമാണ്. ഇവർ തമ്മിലുള്ള തർക്കമാണ് തട്ടിക്കൊണ്ടുപോകലിൽ കലാശിച്ചത്. അർജുൻ ഉൾപ്പെടെയുള്ള പത്തോളം യുവാക്കൾ കഞ്ചാവ് ഉപയോഗവും വിൽപ്പനയുമായി പ്രദേശത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി പൊലീസിന് നേരത്തെ തന്നെ പരാതി ലഭിച്ചിരുന്നു. ഒളിവിലുള്ളവർക്കായി അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.

click me!