സമാന്തര എക്സ്ചേഞ്ച് പ്രവര്‍ത്തിച്ച കെട്ടിടത്തില്‍ നിന്ന് കണ്ടെത്തിയ നോട്ടീസുകള്‍ ഐഎസിന്‍റേതല്ലെന്ന് പൊലീസ്

By Web TeamFirst Published Sep 16, 2021, 12:01 AM IST
Highlights

സമാന്തര എക്സേഞ്ച് പ്രവര്‍ത്തിച്ച കെട്ടിടത്തില്‍ നിന്നും കണ്ടെത്തിയ നോട്ടീസുകള്‍ ഐഎസിന്‍റേതല്ലെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി. അതിനിടെ മലപ്പുറത്ത് സമാന്തര എക്സ്ചേഞ്ച് കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയിലായി.

പാലക്കാട്: സമാന്തര എക്സ്ചേഞ്ച് പ്രവര്‍ത്തിച്ച കെട്ടിടത്തില്‍ നിന്നും കണ്ടെത്തിയ നോട്ടീസുകള്‍ ഐഎസിന്‍റേതല്ലെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി. അതിനിടെ മലപ്പുറത്ത് സമാന്തര എക്സ്ചേഞ്ച് കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയിലായി. സമാന്തര എക്സ്ചേഞ്ച് കേസ് എന്‍ഐഎയ്ക്ക് കൈമാറണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

പാലക്കാട് നഗരത്തോട് ചേര്‍ന്ന മേട്ടുപ്പാളം സ്ട്രീറ്റില്‍ ആയുര്‍വേദ മരുന്നു കടയുടെ മറവില്‍ പ്രവര്‍ത്തിച്ച സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ചില്‍ നിന്നും കണ്ടെടുത്ത സാധനങ്ങളുടെ വിവരങ്ങളാണ് പുറത്തുവന്നത്. ലഭിച്ചത് പോപ്പുലര്‍ ഫ്രണ്ടിന്‍റെയും വിസ്ഡം ഗ്രൂപ്പിന്‍റെയും നോട്ടീസുകളായിരുന്നു. ബാബറരി മസ്ജിദ് പുനര്‍നിര്‍മാണം, സിറാജുന്നിസ്സ ചരമ വാര്‍ഷിക പരിപാടി, ഐഎസിനെതിരായ പ്രചരണം, എന്നിവയായിരുന്നു നോട്ടീസുകളിലെ ഉള്ളടക്കം. ഐഎസുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ലഭിച്ചില്ലെന്ന് പാലക്കാട് എസ്പി പറഞ്ഞു

ഒളിവില്‍ പോയ സ്ഥാപന ഉടമ കോഴിക്കോട് സ്വദേശിയായ മുഹമ്മദ് കോയക്കായി തെരച്ചില്‍ ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. അതിനിടെയാണ് മലപ്പുറത്ത് ഒരാളെ അറസ്റ്റ് ചെയ്തത്. മലപ്പുറം കീഴിശ്ശേരി സ്വദേശി മിസ്ഹബാണ് അറസ്റ്റിലായത്. പ്രതി സ്വന്തം വീട്ടിലും സഹോദരിയുടെ വീട്ടിലുമാണ് സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് പ്രവര്‍ത്തിപ്പിച്ചത്. ഇയാള്‍ സമാന കേസില്‍ മൈസൂരുവില്‍ പിടിയിലായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. രാജ്യദ്രോഹ പ്രവര്‍ത്തനത്തനം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മലപ്പുറം എസ്പി എസ്.സുജിത് ദാസ് പറഞ്ഞു.

click me!