
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തടവd ചാടാൻ ലഹരിക്കേസ് കുറ്റവാളിക്ക് വഴിയൊരുക്കിയത് ചട്ടങ്ങൾ മറികടന്ന് ഡ്യൂട്ടി നിശ്ചയിച്ചത്. അന്തേവാസിയായി നാല് മാസം തികയും മുൻപേ തന്നെ ജയിലിന് പുറത്തെ ജോലികൾ ഹർഷാദിന് നൽകിയത് വീഴ്ചയെന്നാണ് കണ്ടെത്തൽ. അയൽ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്.
പത്ത് വർഷം തടവിന് ശിക്ഷിക്കപ്പെട്ടാണ് ഹർഷാദ് കണ്ണൂർ സെൻട്രൽ ജയിലിൽ എത്തുന്നത് കഴിഞ്ഞ വർഷം സെപ്തംബർ ഒൻപതിനാണ്. തുടക്കത്തിൽ തന്നെ വെൽഫയർ ഓഫീസിൽ ഡ്യൂട്ടി നൽകി. ഗേറ്റിന് പുറത്ത് പത്രക്കെട്ടുകൾ എടുക്കാൻ വിട്ടു. സാധാരണയായി തടവിന്‍റെ അവസാന വർഷങ്ങളിൽ മാത്രമാണ് ഗേറ്റിന് പുറത്തുളള ഡ്യൂട്ടി നൽകാറുള്ളത്. ഹർഷാദിന്‍റെ കാര്യത്തിൽ അതുണ്ടായില്ല. ബെംഗളൂരുവിൽ നിന്ന് ലഹരി കടത്തിയതിനാണ് ഇയാൾക്കെതിരെ കേസ്. അഞ്ച് വാഹന മോഷണ കേസുകളിലും പ്രതിയാണ്. പശ്ചാത്തലമിതായിട്ടും ജയിൽ അധികൃതർ ഹർഷാദിനെ കണ്ണടച്ച് വിശ്വസിച്ചു.
ലഹരി സംഘം തന്നെയാണ് തടവുചാടാൻ സഹായിച്ചത്. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. സുരക്ഷാ വീഴ്ചയിൽ ജയിൽ വകുപ്പ് അന്വേഷണ റിപ്പോർട്ട് നാളെ കൈമാറും. തവനൂർ ജയിൽ സൂപ്രണ്ട് കണ്ണൂരിലെത്തി മൊഴിയെടുത്തു. ജയിലിൽ സന്ദർശകർക്ക് നിയന്ത്രണം വരും. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലല്ലാതെ തടവുകാർക്ക് മൊബൈൽ വിളിയോ സന്ദർശകരെ കാണുന്നതോ അനുവദിക്കില്ല. പുറം ജോലികൾക്ക് കൊണ്ടുപോകുന്നതിലും നിയന്ത്രണങ്ങളുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam