'നിക്ഷേപത്തട്ടിപ്പിന് കാരണം കോൺഗ്രസ് എംഎൽഎ'; ആരോപണമുയർത്തി മുങ്ങിയ ജ്വല്ലറി ഉടമയെ തേടി പൊലീസ്

By Web TeamFirst Published Jun 11, 2019, 6:47 PM IST
Highlights

കോൺഗ്രസ് എംഎൽഎ റോഷൻ ബെയ്ഗ് 400 കോടി തട്ടിയെടുത്തുവെന്നും താൻ മരിക്കാൻ പോവുകയാണെന്നും ശബ്ദ സന്ദേശം പുറത്ത് വിട്ടാണ് ജ്വല്ലറി ഉടമ മൻസൂർ ഖാൻ മുങ്ങിയത്

ബെംഗളൂരു: ബെംഗളൂരുവിൽ കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങിയ ജ്വല്ലറി ഉടമയെ തേടി പൊലീസ്. കോൺഗ്രസ് എംഎൽഎ റോഷൻ ബെയ്ഗ് 400 കോടി തട്ടിയെടുത്തെന്ന് ആരോപിച്ചുളള ശബ്ദ സന്ദേശം പുറത്തുവിട്ടാണ് ഐഎംഎ ജ്വല്ലറി ഉടമ മൻസൂർ ഖാൻ മുങ്ങിയത്. ആയിരക്കണക്കിന് നിക്ഷേപകരാണ് പരാതിയുമായി എത്തിയിരിക്കുന്നത്. സംഭവം അന്വേഷിക്കാൻ സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചു.

ശിവാജി നഗർ എംഎൽഎയും മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ റോഷൻ ബെയ്ഗിന് നാനൂറ് കോടി രൂപ നൽകിയെന്നും തിരിച്ച് ചോദിച്ചപ്പോൾ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നുമാണ് ഐഎംഎൽ ജ്വല്ലറി ഉടമ മൻസൂർ ഖാൻ ആരോപിച്ചത്. നിക്ഷേപകർക്കായി പുറത്ത് വിട്ട ശബ്ദ സന്ദേശത്തിൽ താൻ ജീവിതം അവസാനിപ്പിക്കാൻ പോകുന്നുവെന്നും മൻസൂർ ഖാൻ പറയുന്നു. 

ഇത് പ്രചരിച്ചതോടെ ഇയാളുടെ നിക്ഷേപ പദ്ധതിയിൽ പണം നിക്ഷേപിച്ചവർ ജ്വല്ലറിക്ക് മുന്നിൽ തടിച്ചുകൂടി. രണ്ടായിരം കോടിയോളം രൂപ മൻസൂർ ഖാൻ ശേഖരിച്ചെന്നാണ് വിവരം. അമ്പതിനായിരം വരെയുളള തുകയാണ് നിക്ഷേപമായി ഓരോരുത്തരിൽ നിന്നും വാങ്ങിയത്. ഒന്നരമാസത്തിന് ശേഷം നാല് ശതമാനം പലിശയടക്കം തിരികെ നൽകുന്നതായിരുന്നു പദ്ധതി. കഴിഞ്ഞ രണ്ട് മാസമായി നിക്ഷേപകർക്ക് പണം തിരിച്ച് കിട്ടിയിരുന്നില്ല.

വിദേശത്തേക്ക് കടക്കാനുളള ഉടമയുടെ അടവാണ് ശബ്ദ രേഖയെന്ന് സംശയിക്കുന്ന പൊലീസ് ഇയാൾക്കായി തെരച്ചിൽ ശക്തമാക്കി. നാല് ഡയറക്ടർമാരെയും കാണാനില്ല. ആശങ്കയിലായ നിക്ഷേപകരുടെ പരാതികൾ സ്വീകരിക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തി. 

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇതിനോടകം പതിനാലായിരം പരാതികളാണ് എത്തിയത്. കേസ് സെൻട്രൽ ക്രൈം ബ്രാഞ്ചിന് വിട്ടു. അതേ സമയം തനിക്കെതിരെയുള ആരോപണം റോഷൻ ബെയ്ഗ് തളളി. മൻസൂർ ഖാന്‍റെ ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ സഹായിക്കുക മാത്രമാണ് ചെയ്തതെന്ന് എംഎൽഎ വിശദീകരിക്കുന്നു.

click me!