
തൃശൂർ: തൃശ്ശൂരിൽ എംഡിഎംഎ സംഘത്തിന്‍റെ ഇരകളാക്കപ്പെട്ട വിദ്യാർത്ഥികളെ കണ്ടെത്താനുള്ള ശ്രമത്തിൽ പ്രത്യേക അന്വേഷണ സംഘം. ലഹരി സംഘത്തിന്‍റെ പറ്റുബുക്കിൽ 150ലേറെ കുട്ടികളുടെ പേരാണ് ഉണ്ടായിരുന്നത്. അതും 17നും 25നും ഇടയിൽ പ്രായമുള്ളവർ. പെൺകുട്ടികളുടെ പേരും ഈ ലിസ്റ്റിൽ ഉണ്ടായിരുന്നു. ലഹരി സംഘത്തിലെ മുഖ്യ കണ്ണി ഒല്ലൂർ സ്വദേശി അരുണ്‍ എങ്ങനെയാണ് ഇത്രയും വിദ്യാർത്ഥികളിലേക്ക് എത്തിയെന്നറിയാൻ ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. എംഡിഎം കേസിൽ പിടിയിലായ പ്രതികളുടെ കയ്യിൽ നിന്നും കിട്ടിയ പറ്റു പുസ്തകത്തിൽ ആകെ ഉണ്ടായിരുന്നത് 925 പേരുകളാണ്. ഇതിൽ പലതും ആവർത്തിച്ചുള്ളവയാണ്. വിശദ പരിശോധനയിലാണ് 150 പേരുകൾ തിരിച്ചറിഞ്ഞത്. ഇതിൽ അഞ്ച് പെണ്‍കുട്ടികളും ഉൾപ്പെടുന്നു.
ഭൂരിഭാഗം പേരും പതിനേഴിനും ഇരുപത്തി അഞ്ചിനും ഇടയിൽ പ്രായമുള്ളവർ. മുതിർന്നവരുടെ പേരും പറ്റ് പുസ്തകത്തിലുണ്ട്. തൃശ്ശൂർ നഗരത്തിൽ നിന്നുള്ളവരാണ് ഏറിയതും. ഇതിൽ കുട്ടികളെ കണ്ടെത്തി ബോധവൽക്കരിക്കാനുള്ള ശ്രമമാണ് എക്സൈസ് ആദ്യഘട്ടത്തിൽ തുടങ്ങിയത്. ഇടപാട് നടത്തിയ പ്രതിയുടെ ഫോണിലെ വിവരങ്ങളും സൂക്ഷമമായി പരിശോധിക്കേണ്ടതുണ്ട്. ഗൂഗിൾ പേ വഴിയാണ് ഇടപാടുകൾ മിക്കതും നടന്നിട്ടുള്ളത്. ഇതുവഴി മയക്കുമരുന്നിന് അടിമപ്പെട്ട വിദ്യാർത്ഥികളെ പെട്ടെന്ന് കണ്ടെത്താൻ സാധിക്കുമെന്നാണ് കരുതുന്നത്. കേസിലെ മുഖ്യപ്രതി ഒല്ലൂർ സ്വദേശി അരുണിനെ കസ്റ്റഡിയിൽ കിട്ടാൻ ചൊവ്വാഴ്ച കോടതിയിൽ അപേക്ഷ നൽകും. ഇയാളാണ് വിദ്യാർത്ഥികളുമായി കൂടുതൽ ഇടപാട് നടത്തിയിരുന്നത്. നഗര മേഖലയ്ക്ക് പുറമെ തീരദേശ മേഖലയിലും ഇയാൾ വൻതോതിൽ ലഹരി വിൽപന നടത്തിയിരുന്നതായി എക്സൈസ് കണ്ടെത്തിയിട്ടുണ്ട്.
പ്രാഥമിക ചോദ്യം ചെയ്യലിൽ ബാംഗ്ലൂരിൽ നിന്നാണ് എംഡിഎംഎ എത്തിച്ചതെന്ന് പ്രതികൾ സമ്മതിച്ചിരുന്നു. കേസിന്‍റെ ഗൗരവം കണക്കിലെടുത്താണ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്. അസിസ്റ്റന്‍റ് എക്സൈസ് കമ്മീഷണർ ഡി. ശ്രീകുമാറിനാണ് അന്വേഷണ ചുമതല. അറസ്റ്റിലായ മൂന്ന് പ്രതികളെ കൂടാതെ മറ്റ് ആരെങ്കിലും ഇവരുടെ പിന്നിലുണ്ടോ, ഇത്രയധികം വിദ്യാർത്ഥികളിലേക്ക് എത്താൻ ഇവർക്ക് എങ്ങനെയാണ് സാധിച്ചത് അടക്കമുള്ള ചോദ്യങ്ങൾക്ക് ഇനി ഉത്തരം കിട്ടേണ്ടതുണ്ട്.