വാഹന മോഷണക്കേസിലെ പ്രതിയുടെ വീട്ടില്‍ പരിശോധനക്കെത്തിയ പൊലീസിന് കിട്ടിയത് മാന്‍ കൊമ്പുകള്‍

By Web TeamFirst Published May 14, 2019, 12:46 AM IST
Highlights

പരിശോധനയില്‍ രണ്ട് മാൻ കൊന്പുകളാണ് ഇവിടെനിന്ന് കണ്ടെത്തിയത്. മറ്റൊരാള്‍ സൂക്ഷിക്കാൻ ഏല്‍പ്പിച്ചതാണ് ഇവയെന്നാണ് മുഹമ്മദിന്‍റെ വാദം

അരീക്കോട്: വാഹനമോഷണക്കേസിലെ പ്രതിയുടെ വീട്ടില്‍ പരിശോധനക്കെത്തിയ പൊലീസിന് ലഭിച്ചത് മാന്‍ കൊമ്പുകള്‍. മലപ്പുറം അരീക്കോട് സ്വദേശി പാറാത്തൊടി മുഹമ്മദിന്‍റെ വീട്ടില്‍നിന്നാണ് മാന്‍ കൊമ്പുകള്‍ കണ്ടെടുത്തത്. അരീക്കോട് എടവണ്ണപ്പാറ സ്വദേശി വി.പി. മുനീബിന്‍റെ കാര്‍ 2017ല്‍ മുഹമ്മദ് വാടകയ്ക്ക് എടുത്തിരുന്നു.

മാസങ്ങള്‍ കഴിഞ്ഞിട്ടും തിരികെ നല്‍കിയില്ല. കാര്‍ അയല്‍സംസ്ഥാനങ്ങളിലെവിടെയോ വിറ്റതായി മനസിലാക്കിയ മുനീബ് അരീക്കോട് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാര്‍ കഴിഞ്ഞ ദിവസം ബംഗലൂരുവില്‍നിന്ന് കണ്ടെത്തി. മുഹമ്മദിനെ പിടികൂടുകയും ചെയ്തു. കാറിന്‍റെ ആര്‍.സി. ബുക്ക് അടക്കമുള്ള രേഖകള്‍ പൊലീസിന് കിട്ടിയിരുന്നില്ല. ഇത് അന്വേഷിച്ചാണ് അരീക്കോട് പൊലീസ് മുഹമ്മദിന്‍റെ വീട്ടിലെത്തിയത്.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രണ്ട് മാൻ കൊന്പുകളാണ് ഇവിടെനിന്ന് കണ്ടെത്തിയത്. മറ്റൊരാള്‍ സൂക്ഷിക്കാൻ ഏല്‍പ്പിച്ചതാണ് ഇവയെന്നാണ് മുഹമ്മദിന്‍റെ വാദം. എന്നാല്‍ മാനുകളെ വെടിവെച്ചുകൊന്നശേഷം കൊമ്പെടുത്തതാണെന്ന് പൊലീസ് സംശയിക്കുന്നു. കേസ് വനംവകുപ്പിന് കൈമാറി. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

click me!