
പൂപ്പാറ: ഇടുക്കി പൂപ്പാറ സ്വദേശിയായ രാധയുടെ മരണത്തിലെ ദുരൂഹത നീക്കാൻ പൊലീസ് വീണ്ടും അന്വേഷണം ആരംഭിച്ചു. ഹൈക്കോടതി നിർദ്ദേശ പ്രകാരനാണ് പൊലീസ് കേസ് പുനരന്വേഷിക്കുന്നത്. ഇടുക്കി എസ് പി യുടെ മേൽനോട്ടത്തിലാണ് കേസ് അന്വേഷിക്കുന്നത്. പോസ്റ്റുമോർട്ടത്തിലും പൊലീസ് അന്വേഷണത്തിലും അട്ടിമറിയുണ്ടായെന്നു കാണിച്ച് മരണപ്പെട്ട രാധയുടെ മകൻ അനീഷാണ് ഹൈക്കോടതിയെ സമീപിച്ചത്. 2019 ജൂണ് 22നാണ് പൂപ്പാറ അഞ്ചരയേക്കർ സ്വദേശി രാധ മരിച്ചത്.
ടെറസിൽ കയറുന്നതിനിടെ രാധ കാൽ വഴുതി വീണ് തലയിടിച്ചു മരിച്ചെന്നാണ് സംഭവസമയത്ത് കൂടെയുണ്ടായിരുന്ന ഭർത്താവ് മക്കളോടും നാട്ടുകാരോടും പറഞ്ഞത്. സംശയമൊന്നും തോന്നാത്തതിനാൽ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു. എന്നാൽ പിന്നീട് അച്ഛൻറെ പെരുമാറ്റത്തിൽ വന്ന മാറ്റങ്ങളാണ് മകൻ അനീഷിൻറെ സംശയത്തിന് കാരണമായത്. തുടര്‍ന്ന് അനീഷ് ശാന്തൻപാറ പൊലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം കാര്യമായി നടന്നില്ല.
തുടർന്ന് അനീഷ് മുഖ്യമന്ത്രി പിണറായി വിജയനടക്കം 12 പേർക്ക് അമ്മയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകി. എന്നിട്ടും നടപടിയുണ്ടാകാതെ വന്നതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. പരാതി പരിശോധിക്കാൻ ഹൈക്കോടതി ഇടുക്കി എസ് പി യോട് നിർദ്ദേശിച്ചു. എസ് പി വി യു കുര്യാക്കോസിൻറെ നിർദ്ദേശ പ്രകാരം ഡിസിആർബി ഡിവൈഎസ്പിയാണ് അന്വേഷണം നടത്തുന്നത്. രണ്ടു തവണ സംഘം സംഭവ സ്ഥലം സന്ദർശിച്ച് വിവരങ്ങള്‍ ശേഖരിച്ചു.
രാധുടെ മക്കളും ബന്ധുക്കളും ഭര്‍ത്താവും അടക്കം സംഭവ സമയത്ത് സ്ഥലത്ത് എത്തിയവരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. അന്വേഷണം പൂർത്തിയാക്കി അടുത്ത ദിവസം പൊലീസ് കോടതിക്ക് റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ട് തൃപ്തികരമല്ലെങ്കിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിക്കാനാണ് അനീഷിൻറെ തീരുമാനം.
Read More : 'കണ്ണ് തുറന്നിരിക്കണം'; സംസ്ഥാനത്തെ സി.സി.ടി.വികളുടെ ഓഡിറ്റിങ്ങ് നടത്താന്‍ ഡിജിപിയുടെ നിര്‍ദ്ദേശം