
ഇടുക്കി: അറക്കുളം പഞ്ചായത്ത് അസിസ്റ്റന്‍റ് എഞ്ചിനീയര്‍ ബാബുരാജിന്‍റെ ആത്മഹത്യാ കുറിപ്പിനെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. കൈക്കൂലി ചോദ്യം ചെയ്തതിന് സി പി എം ഇടുക്കി ജില്ലാ കമ്മിറ്റിയംഗമായ കെ എല്‍ ജോസഫും മേലുദ്യോഗസ്ഥരും മാനസികമായി പിഡിപ്പിച്ചിരുന്നുവെന്ന ആരോപണത്തെ കുറിച്ചാണ് അന്വേഷണം. വാഴക്കുളം പൊലീസ് ബാബുരാജിന്‍റെ വീട്ടിലെത്തി ഭാര്യയുടെയും സഹോദരങ്ങളുടെയും മൊഴിയെടുത്തു. ബാബുരാജിന്‍റെ ആത്മഹത്യയെ കുറിച്ച് അന്വേഷിക്കുന്ന വാഴക്കുളം പൊലീസാണ് ആവോലിയിലെ വീട്ടിലെത്തി മൊഴിയെടുത്തത്. '
അറക്കുളം പഞ്ചായത്തിലെ കൈക്കൂലിയും അഴിമതിയും ചോദ്യം ചെയ്തതിന് നിരന്തരം പിഡനത്തിനിരയായെന്ന ബാബുരാജിന്‍റെ ആത്മഹത്യാ കുറിപ്പ് പൊലീസ് ബന്ധുക്കളെ വായിച്ച് കേള്‍പ്പിച്ചിരുന്നു. മരണത്തിന് മുമ്പുള്ള ദിവസങ്ങളില്‍ ഇതെകുറിച്ച് പറഞ്ഞിരുന്നതായി ഭാര്യയും സഹോദരങ്ങളും മോഴി നല്‍കി. പൊലീസില്‍ നിന്നും നീതി ലഭിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് സഹോദരങ്ങളുടെ നീക്കം. അന്വേഷണ സംഘം അറക്കുളം പഞ്ചായത്തിലുമെത്തി വരും ദിവസങ്ങളില്‍ മൊഴിയെടുക്കും.
ഇതിനിടെ ബാബുരാജിന്‍റെ ആത്മഹത്യാ കുറിപ്പിനെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നാശ്യപ്പെട്ട് വിവിധ സര്‍വീസ് സംഘടനകളും പൊലിസിനെ സമീപിച്ചിട്ടുണ്ട്. സിപിഎം നേതാവ് നടത്തിയ കലുങ്ക് നിർമ്മാണത്തിലെ അപാകത ബാബുരാജ് ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നുള്ള പ്രശ്നങ്ങളായിരുന്നു അദ്ദേഹത്തിന്‍റെ ആത്മഹത്യയിലേക്ക് നയിച്ചത്. കലുങ്ക് നിർമ്മാണത്തിന്‍റെ പണം അനുവദിക്കാത്തതിനെ ചൊല്ലി ഇരുവരും തമ്മിൽ തർക്കം ഉണ്ടായിരുന്നു. ഇതിനിടെ വാർഡിലെ വീട് നിർമ്മാണത്തിൽ ജോസഫ് കൈക്കൂലി വാങ്ങിയെന്ന് ആരോപണമുയര്‍ന്നു. ഇതിന് പിന്നാലെ ആവോലിയിലെ വീട്ടിന് മുകളില്‍ ടെറസില്‍ തൂങ്ങിമരിച്ച നിലയിലാണ് ബാബുരാജിനെ കണ്ടെത്തുന്നത്. തോട്ടടുത്ത് നിന്നും മുന്ന് പേജുള്ള ആത്മഹത്യകുറിപ്പും കണ്ടെത്തിയിരുന്നു.
കൂടുതല്‍ വായനയ്ക്ക്: അറക്കുളം പഞ്ചായത്തിലെ എഞ്ചിനീയറുടെ ആത്മഹത്യ: സിപിഎം ജില്ലാ കമ്മിറ്റിയംഗത്തിനെതിരെ ആരോപണം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam