വർക്കലയിലെ യുവതിയുടെ മരണം കൊലപാതകമെന്ന് സഹോദരി; അന്വേഷണം നടത്താൻ നിർദേശം

By Web TeamFirst Published Dec 19, 2020, 12:30 AM IST
Highlights

തലയിലും ശരീരത്തിലും പരിക്ക് പറ്റിയതിന്‍റെ നിരവധി അടയാളങ്ങൾ സുമിയുടെ ശരീരത്തിലുണ്ടായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

തിരുവനന്തപുരം: വർക്കലയിലെ യുവതിയുടെ മരണം കൊലപാതകമാണെന്ന പരാതിയിൽ അന്വേഷണം നടത്താൻ നിർദേശം. ആറ്റിങ്ങൽ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. ജൂലൈ 16നാണ് വർക്കല മടവൂർ സ്വദേശി സുമിയുടെ മരണം. സഹോദരി നൽകിയ പരാതിയിലാണ് അന്വേഷണം. ജൂലൈ 16 നാണ് 38 കാരിയായ സുമിയുടെ മരണവാർത്ത സഹോദരി സീമ അറിയുന്നത്. ഹൃദയാഘാതം ആണെന്നാണ് സുമിയുടെ ഭർത്താവ് അരവിന്ദ് സീമയെ അറിയിക്കുന്നത്. 

പിന്നീട് മരണ കാരണം ലിവർ സിറോസിസെന്നും ക്യാൻസറെന്നും മാറ്റി മാറ്റി പറഞ്ഞു. സുമിയെ അരവിന്ദ് മർദ്ദിക്കാറുണ്ടെന്നും തന്‍റെ ജീവൻ അപകടത്തിലാണെന്ന് സുമി പറഞ്ഞതായും സീമ പറയുന്നു. സംശയം തോന്നിയ സീമ പോസ്റ്റ് മോർട്ടം റിപ്പോർട്ട് ചോദിച്ചെങ്കിലും സുമിയുടെ ഭർത്താവ് ഒഴിഞ്ഞുമാറി. ഇതിനിടെയാണ് അരവിന്ദിന്‍റെ അടുത്ത സുഹൃത്തും, സീമയുടെ ഭർത്താവുമായ ശങ്കർ, ഭാര്യയെ മർദ്ദിക്കുന്നതിനിടെ ചേച്ചിയെ പോലെ നിന്നേയും കൊല്ലുമെന്ന് പറ‍ഞ്ഞത്. 

ഇതോടെ സീമയുടെ സംശയം ബലപ്പെട്ടു. പിന്നാലെ പള്ളിത്തുറ സ്റ്റേഷനിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി അപേക്ഷ നൽകി. എന്നാൽ സ്റ്റേഷനിൽ നിന്നും മാസങ്ങൾ പിന്നിട്ടും റിപ്പോർട്ട്  നൽകിയില്ല. ഉന്നത പൊലീസ് ഉദ്യാഗസ്ഥർക്ക് പരാതി നൽകുന്ന ഘട്ടത്തിലാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട് നൽകിയത്. തലയിലും ശരീരത്തിലും പരിക്ക് പറ്റിയതിന്‍റെ നിരവധി അടയാളങ്ങൾ സുമിയുടെ ശരീരത്തിലുണ്ടായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.. 

ദുരൂഹത കൂടിയതോടെ സുമിയുടേത് സ്വാഭാവിക മരണമല്ലെന്നും ആസൂത്രിത കൊലപാതകമാണെന്നും കാണിച്ച് മുഖ്യമന്ത്രിക്ക് സഹോദരി കത്ത് നൽകി. തന്‍റെ ഭർത്താവ് ശങ്കറും സുമിയുടെ ഭർത്താവ് അരവിന്ദും സ്വത്തിന് വേണ്ടി ആസൂത്രണം ചെയ്ത കൊലപാതകമാണെന്ന് സംശയമുണ്ടെന്നും ഇതിൽ പറഞ്ഞിരുന്നു. തുടർന്നാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുള്ള ഡിജിപിയുടെ ഉത്തരവ്. ആറ്റിങ്ങൽ ഡിവൈഎസ്പിക്കാണ് അന്യേഷണ ചുമതല.

click me!