കാക്കനാട് ഫ്ളാറ്റ് കൊലപാതക കേസിൽ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു: പ്രതി അര്‍ഷാദ് മാത്രം

By Web TeamFirst Published Nov 15, 2022, 7:44 PM IST
Highlights

പ്രതി അർഷാദിനെതിരെ കൊലക്കുറ്റത്തിന് പുറമെ മോഷണം, തെളിവ് നശിപ്പിക്കൽ ഉൾപ്പടെയുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. ആഗസ്റ്റ് 16 ന് ആണ് സജീവ് കൃഷ്ണന്റെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ  ഫ്ലാറ്റിലെ ഡക്ടിൽ കണ്ടെത്തിയത്


കൊച്ചി: കാക്കനാട്ടെ ഫ്ലാറ്റിൽ യുവാവ്  കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു.  മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണൻ്റെ കൊലപാതകത്തിൽ പയ്യോളി സ്വദേശി അർഷാദ്  ആണ് പ്രതി. പൊലീസ് നൽകിയ കുറ്റപത്രം അനുസരിച്ച് കേസിൽ നൂറിലേറെ തെളിവുകളും 150 സാക്ഷികളും ഉൾപ്പെട്ടിട്ടുണ്ട്.

പ്രതി അർഷാദിനെതിരെ കൊലക്കുറ്റത്തിന് പുറമെ മോഷണം, തെളിവ് നശിപ്പിക്കൽ ഉൾപ്പടെയുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. ആഗസ്റ്റ് 16 ന് ആണ് സജീവ് കൃഷ്ണന്റെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ  ഫ്ലാറ്റിലെ ഡക്ടിൽ കണ്ടെത്തിയത്. ലഹരിയിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്. അര്‍ഷാദിനെ ഒറ്റയ്ക്ക് കൊല ചെയ്യാൻ സാധിക്കില്ലെന്നായിരുന്നു പൊലീസിൻ്റെ ആദ്യഘട്ടത്തിലെ നിഗമനം. എന്നാൽ വിശദമായ അന്വേഷണത്തിന് ഒടുവിൽ അര്‍ഷാദ് ഒറ്റയ്ക്കാണ് കൃത്യം ചെയ്തതത് എന്ന നിഗമനത്തിലാണ് പൊലീസ് എത്തിയത്. 

സജീവ് കൃഷണയെ ക്രൂരമായി കൊലപ്പെടുത്തിയ അർഷാദ്  ഫ്ലാറ്റിലെ രക്തക്കറ മായ്ച്ച് പ്ലാസ്റ്റിക് കവറിലും തുണിയിലും പൊതി‌ഞ്ഞാണ് മൃതദേഹം ഒളിപ്പിച്ചത്. ലഹരി ഇടപാട് നടത്തിയിരുന്ന അർഷാദിന് കൊല്ലപ്പെട്ട സജീവുമായി സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് അര്‍ഷാദ് പൊലീസിനോട് പറഞ്ഞത്. കൊലയ്ക്ക് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ കാസര്‍കോട് നിന്നുമാണ് പൊലീസ് പിടികൂടിയത്. അന്നേരവും ഇയാൾ മയക്കുമരുന്ന് ലഹരിയിലായിരുന്നു. സംസ്ഥാനത്തിന് പുറത്തുള്ള മയക്ക്മരുന്ന ഇടപാടുകാർക്ക് അർഷാദുമായി അടുപ്പമുണ്ടായിരുന്നതായി പൊലീസ് പിന്നീട് കണ്ടെത്തിയിരുന്നു. 

click me!