സനു മോഹനെ കണ്ടെത്താൻ കങ്ങരപ്പടിയിലെ അടഞ്ഞുകിടക്കുന്ന ഫ്ലാറ്റുകളിൽ ഇന്ന് പൊലീസ് പരിശോധന

By Web TeamFirst Published Apr 15, 2021, 8:48 AM IST
Highlights

ഫ്ലാറ്റിലെ അയൽക്കാരായ ആർക്കെങ്കിലും സനുമോഹന്‍റെ തിരോധാനത്തിൽ പങ്കുണ്ടോയെന്നാണ് പരിശോധിക്കുന്നത്

കൊച്ചി: എറണാകുളം മുട്ടാർ പുഴയിൽ മുങ്ങിമരിച്ച വൈഗയുടെ പിതാവ് സനുമോഹനെ കണ്ടെത്താൻ കങ്ങരപ്പടിയിലെ ഫ്ലാറ്റിൽ പോലീസ് ഇന്ന് കൂടുതൽ പരിശോധനകൾ നടത്തും. കഴിഞ്ഞ ദിവസങ്ങളിൽ ഫ്ലാറ്റിന് തൊട്ടടുത്തുള്ള താമസക്കാരെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഫ്ലാറ്റിന്‍റെ അസോസിയേഷൻ സെക്രട്ടറിയായിരുന്ന സനുമോഹൻ, താമസക്കാരിൽ നിന്ന് വൻ തുക കടം വാങ്ങിയിട്ടുണ്ട്. 

ഇവിടെ അടഞ്ഞുകിടക്കുന്ന ഫ്ലാറ്റുകളുടെ താക്കോലുകൾ പലതും സനു മോഹന്റെ പക്കലായിരുന്നു. അതിനാൽ തന്നെ സനു ഇവിടെ ഒളിച്ചുതാമസിക്കാനുള്ള സാധ്യത കൂടി പരിഗണിച്ചാണ് പൊലീസ് പരിശോധന. അതോടൊപ്പം ഫ്ലാറ്റിലെ അയൽക്കാരായ ആർക്കെങ്കിലും സനുമോഹന്‍റെ തിരോധാനത്തിൽ പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

സാമ്പത്തിക തർക്കങ്ങൾ ഒത്തുതീർപ്പാക്കുന്ന കൊച്ചിയിലെ ക്വട്ടേഷൻ സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്റെയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് സനുമോഹനെ ഇതുവരെയും കണ്ടെത്താനാവാത്ത സാഹചര്യത്തിൽ, കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്ന ആവശ്യവും ശക്തമാണ്.

click me!