പൂരം വെടിക്കെട്ട് മാറ്റിവച്ചു, വെടിക്കെട്ട് പുരയ്ക്ക് സമീപം സ്വന്തം നിലയ്ക്ക് വെടിക്കെട്ട് നടത്തി, അറസ്റ്റ്

By Web TeamFirst Published May 14, 2022, 12:56 PM IST
Highlights

Thrissur Pooramവടക്കുംനാഥ ക്ഷേത്ര (Thrissur Pooram)  മൈതാനത്ത് (vadakkunnathan temple) മദ്യലഹരിയിൽ ചൈനീസ് പടക്കം പൊട്ടിച്ച മൂന്നുപേരെ പൊലീസ് പിടികൂടി. തിരുവമ്പാടി ദേവസ്വത്തിന്‍റെ വെടിക്കെട്ട് പുരയ്ക്ക് സമീപം രാത്രി എട്ടരയോടെയായിരുന്നു സംഭവം

തൃശ്ശൂര്‍: വടക്കുംനാഥ ക്ഷേത്ര (Thrissur Pooram)  മൈതാനത്ത് (vadakkunnathan temple) മദ്യലഹരിയിൽ ചൈനീസ് പടക്കം പൊട്ടിച്ച മൂന്നുപേരെ പൊലീസ് പിടികൂടി. തിരുവമ്പാടി ദേവസ്വത്തിന്‍റെ വെടിക്കെട്ട് പുരയ്ക്ക് സമീപം രാത്രി എട്ടരയോടെയായിരുന്നു സംഭവം. കോട്ടയം സ്വദേശികളായ അജി , ഷിജാബ്, തൃശ്ശൂര്‍ എൽത്തുരുത്ത് സ്വദേശി നവീൻ എന്നിവരാണ് അറസ്റ്റിലായത്. യുവാക്കളുടെ കാറിൽ നിന്ന് പടക്കങ്ങളും കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയിലെടുത്ത് ഈസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റി. 

വെള്ളിയാഴ്ച രാത്രി 9.20-ന് മഫ്തിയിൽ നടക്കാനിറങ്ങിയ അസിസ്റ്റന്റ് കമ്മിഷണർ വികെ രാജുവിന്റെ ശ്രദ്ധയിൽപെട്ടതാണ് വൻദുരന്തം വഴിമാറാൻ കാരണമായത്.  തൃശ്ശൂർപൂരം വെടിക്കെട്ട് മഴ കാരണം മാറ്റിവെച്ചതിനാൽ തേക്കിൻകാട് മൈതാനത്ത് ചൈനീസ് പടക്കങ്ങൾ പൊട്ടിക്കുകയായിരുന്നു ഇവർ. വെടിക്കെട്ട് മാറ്റ് വച്ച സാഹചര്യത്തിൽ സാമഗ്രികളെല്ലാം അവിടെ തന്നെ സൂക്ഷിച്ചിരിക്കുകയായിരുന്നു. 

വെടിക്കോപ്പുകൾ സൂക്ഷിച്ചിരുന്ന വെടിപ്പുരയ്ക്ക് സമീപമാണ് ഇവർ മദ്യലഹരിയിലെത്തി, പടക്കം പൊട്ടിച്ചത്. യുവാക്കളെ തടഞ്ഞ എസിപി രാജു പട്രോളിങ് സംഘത്തെ വിളിച്ചുവരുത്തുകയായിരുന്നു. മദ്യലഹരിയിൽ പോലീസുമായി യുവാക്കൾ തർക്കത്തിലേർപ്പെട്ടു. ഒടുവിൽ ഉന്തും തള്ളും നടന്ന് ബലപ്രയോഗത്തിലൂടെയാണ് മൂവരെയും പോലീസ് അറസ്റ്റുചെയ്തത്. യുവാക്കൾ എത്തിയ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പൂരവും വെടിക്കെട്ടം കാണാനായി കോട്ടയത്തുനിന്ന് എത്തിയതായിരുന്നു യുവാക്കൾ. എന്നാൽ മഴയെ തുടർന്ന് വെടിക്കെട്ട് മാറ്റിവച്ചതോടെ മൈതാനത്ത് മദ്യപിച്ചെത്തി സ്വയം വെടിക്കെട്ടിന്ന കോപ്പുകൂട്ടുകയായിരുന്നു. പൊട്ടിക്കാൻ തുടങ്ങിയതോടെയാണ് പൊലീസ് ഇടപെട്ടതും അറസ്റ്റ് ചെയ്തതും. എൽത്തുരുത്ത് സ്വദേശി  നവീൻ പടക്ക വ്യാപാരിയാണോ എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കടയിലെ പടക്കങ്ങൾ എത്തിച്ച് വെടിപ്പുരയ്ക്ക് സമീപം വച്ച് പൊട്ടിക്കുകയായിരുന്നു എന്നാണ് നിഗമനം.

കാലാവസ്ഥ അനുകൂലമായാൽ ഇന്ന് വൈകിട്ട് തൃശ്ശൂരിൽ പൂരത്തിന്‍റെ വെടിക്കെട്ട് പൊട്ടും. തൃശ്ശൂര്‍ പൂരം വെടിക്കെട്ട് ഇന്ന് നടത്താൻ ഇന്നലെ ധാരണയായിരുന്നു. കനത്ത മഴയെത്തുടർന്നാണ് 11 ന് പുലർച്ചെ നടക്കേണ്ട വെടിക്കെട്ട് മാറ്റിവച്ചത്. ഇന്നലെ വൈകിട്ട് തൃശ്ശൂരിൽ മഴ പെയ്യാതിരുന്നതോടെയാണ് ഇന്ന് വൈകിട്ട് നടത്താൻ ദേവസ്വങ്ങളുമായി കൂടിയാലോചിച്ച് ജില്ലാ ഭരണകൂടം ധാരണയായത്. എന്നാൽ പ്രദേശത്ത് രാവിലെ വീണ്ടും മഴ ആരംഭിച്ചിട്ടുണ്ട്.

click me!