
തിരുവനന്തപുരം: പോത്തൻകോട് (Pothencode) സുധീഷ് വധക്കേസില്‍ (Sudheesh Murder) മുഖ്യപ്രതികൾ പിടിയില്‍. ഒന്നാം പ്രതി സുധീഷ് ഉണ്ണി, മൂന്നാം പ്രതി മുട്ടായി ശ്യാം എന്നിവരെയാണ് വെമ്പായം ചാത്തമ്പാട് വച്ച് പൊലീസ് പിടികൂടിയത്. മുട്ടായി ശ്യാം കൊല്ലപ്പെട്ട സുധീഷിന്റെ ഭാര്യാ സഹോദരനാണ്. തമിഴ്നാട്ടിൽ ഒളിവിൽ പോയ ശേഷം പോത്തൻകോട് തിരിച്ചെത്തിയപ്പോഴാണ് പ്രതികളെ പിടികൂടിയത്. ഉണ്ണിയാണ് സുധീഷിനെ വെട്ടിയത്. രണ്ടാം പ്രതി രാജേഷിനെ മാത്രമാണ് ഇനി പിടിയിലാകാനുള്ളത്.
പോത്തൻകോട് സുധീഷ് വധക്കേസില്‍ നിര്‍ണ്ണായക നീക്കവുമായി പൊലീസ്. മുഖ്യ പ്രതികളെ സംഭവം നടന്ന് അഞ്ച് ദിവസത്തിനകം പൊലീസ് പിടിയില്‍. സുധീഷിനെ ആക്രമിച്ച് കാല്‍ വെട്ടിയെടുത്ത ഒന്നാം പ്രതി ഉണ്ണിയാണ്. ഇയാളാണ് വെട്ടിയ കാലുമായ ബൈക്കിലെത്തി വലിച്ചെറിഞ്ഞത്. കൊലയാളി സംഘത്തില്‍പ്പെട്ട സച്ചിൻ, അരുണ്‍, സൂരജ്, ജിഷ്ണു, നന്ദു, ഷിബിന്‍, നന്ദീഷ്, നിധീഷ്, രഞ്ജിത്ത് എന്നീ പ്രതികളെ പൊലാസ് നേരത്തെ പിടികൂടിയിരുന്നു. കൊലയ്ക്ക് ശേഷം സംഘം രക്ഷപ്പെട്ട പാഷൻ പ്രോ ബൈക്കും പൊലീസ് പിടിച്ചെടുത്തിരുന്നു. കഞ്ചാവ് വില്‍പ്പനയെച്ചൊല്ലിയുള്ള തര്‍ക്കമാണ് നാടിനെ നടുക്കിയ അരുംകൊലയ്ക്ക് കാരണമായത്.
Also Read: സുധീഷ് വധം; പ്രതികള്‍ കൊലയ്ക്ക് മുമ്പ് ട്രയല്‍ റണ്‍ നടത്തി, നാലുപേര്‍ പിടിയില്‍
കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് നേരത്തെ പ്രതികളിലൊരാളായ ഉണ്ണിയെയും രണ്ട് സുഹൃത്തുക്കളെയും കൊല്ലപ്പെട്ട സുധീഷ് ആക്രമിച്ചിരുന്നു. അന്ന് സുധീഷിന്‍റെ സംഘമെറിഞ്ഞ നാടൻ ബോംബ് ഉണ്ണിയുടെ അമ്മയുടെ ദേഹത്ത് വീണിരുന്നു. ഇതിന് പ്രതികാരം വീട്ടാനായിരുന്നു ഉണ്ണിയുടെ നേതൃത്വത്തിലുള്ള സംഘം സുധീഷിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. അക്രമി സംഘം എത്തുമ്പോള്‍ സുധീഷ് കല്ലൂരിലെ വീട്ടില്‍ ഒളിവിലായിരുന്നു. ഈ വീട് അക്രമികള്‍ക്ക് കാണിച്ച് കൊടുത്തത് സുധീഷിന്‍റെ സഹോദരി ഭര്‍ത്താവ് ശ്യാമാണ്. സഹോദരി ഭര്‍ത്താവിനെ നേരത്തെ സുധീഷ് ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. ഈ വൈരാഗ്യമായിരുന്നു ഒറ്റലിന് പിന്നില്‍.
Also Read: കൊലയാളി സംഘത്തിൽ സഹോദരിഭർത്താവും, സുധീഷിനെ കൊന്നത് കഞ്ചാവ് വിൽപ്പന തർക്കത്തിൽ
ഉണ്ണിയും ശ്യാമും സംഭവത്തിന് ശേഷം തമിഴ്നാട് മണ്ടയ്ക്കാട്ടാണ് ഒളിവില്‍ കഴിഞ്ഞത്. അവിടെ നിന്ന് ഇന്നലെ രാത്രി പോത്തൻകോട്ടത്തി. പിന്നീട് വെമ്പാടം ചാത്തമ്പാട്ടെ ഒരു വീട്ടില്‍ ഒളിച്ചിരുന്നു. രഹസ്യ വിവരത്തെത്തുടര്‍ന്ന് വീട് വളഞ്ഞ പോത്തൻകോട് സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ കീഴ്പ്പെടുത്തി. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. നാളെ പിടിയിലായ പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തും. രണ്ടാം പ്രതി രാജേഷിനായി പൊലീസ് തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് മംഗലപുരം ചെമ്പകമംഗലം സ്വദേശിയായ സുധീഷിനെ പോത്തൻകോട് കല്ലൂരിലെ വീട്ടില്‍വച്ച് ബൈക്കിലും ഓട്ടോയിലുമായി എത്തിയ പന്ത്രണ്ടംഗ സംഘം ആക്രമിച്ച് കൊലപ്പെടുത്തിയത്.
കൊലപാതകം നടത്തുന്നതിന് മുൻപും ശേഷവും പ്രതികള്‍ ശാസ്തവട്ടത്ത് ഒത്തുചേർന്ന് മദ്യപിച്ചിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും വ്യത്തിയാക്കിയ ശേഷമാണ് ഒളിവിൽ പോയതെന്നാണ് പിടിയിലായ പ്രതികളുടെ മൊഴി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam