
ലക്‌നൗ: കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയിലെ ഒരു ക്ഷേത്രത്തിലെ പൂജാരി ആക്രമിക്കപ്പെട്ടിരുന്നു. അമ്പലത്തില്‍ വച്ച് പൂജാരിക്ക് നേരെ അക്രമി സംഘം വെടിയുതിര്‍ക്കുകയായിരുന്നു. ഇതിന്റെ പേരില്‍ രാഷ്ട്രീയപരമായ പ്രതിഷേധങ്ങളും സംസ്ഥാന സര്‍ക്കാരിനെതിരായ ആരോപണങ്ങളും ഉയര്‍ന്നു. രണ്ട് പേരെ അറസ്റ്റ് ചെയ്തു. എന്നാല്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ കേസില്‍ ഉണ്ടായത് വലിയ വഴിത്തിരിവാണ്.
നിലവില്‍ പ്രതികളെന്ന് കണ്ട് പൊലീസ് കസ്റ്റഡിയിലെടുത്ത മുന്‍ ഗ്രാമമുഖ്യന്‍ അമര്‍ സിംഗുമായി മുഖ്യ പൂജാരി(മഹന്ത്)ക്ക് ഭൂമി സംബന്ധമായ തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നും ഇയാളെ പ്രതിയാക്കാന്‍ നടത്തിയ നാടകമാണ് കൊലപാതക ശ്രമമെന്നും അന്വേഷണം നടത്തിയ അഞ്ചംഗ പൊലീസ് സംഘം കണ്ടെത്തി.
അമര്‍ സിംഗിനും നിലവിലെ ഗ്രാമമുഖ്യന്‍ വിനയ് സിംഗിനും ഇടയില്‍ രാഷ്ട്രീയപരമായ ശത്രുതയും നിലനില്‍ക്കുന്നുണ്ട്. ഇതിനാല്‍ മഹന്തും വിനയ് സിംഗും ചേര്‍ന്ന് തങ്ങളുടെ ശത്രുവായ അമര്‍ സിംഗിനെ കുടുക്കാന്‍ പൂജാരി അതുല്‍ ത്രിപതിയുടെ സഹായത്തോടെ നടത്തിയ നാടകമായിരുന്നു കൊലപാതക ശ്രമം. ഇതിനായി ഇരുവരും അക്രമികളെ വാടകയ്‌ക്കെടുത്തു.
പൂജാരിയുടെ അറിവോടെ തന്നെ ഇയാള്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ പദ്ധതിയിട്ടു. തുടര്‍ന്ന് ആക്രമണത്തിന് പിന്നില്‍ അമര്‍സിംഗ് എന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു ഇരുവരുടെയും ലക്ഷ്യം. ഇതില്‍ അവര്‍ വിജയിച്ചു. എന്നാല്‍ സംഭവം രാഷ്ട്രീയ പാര്‍ട്ടികള്‍ സംസ്ഥാന തലത്തില്‍ ഏറ്റെടുക്കുകയും അയോധ്യയില്‍ നിന്നുവരെയുള്ള സന്യാസിമാര്‍ ക്ഷേത്രത്തിലെത്തി ശക്തമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
അക്രമി സംഘം പൂജാരിക്ക് നേരെ വെടിയുതിര്‍ക്കുമ്പോള്‍ മഹന്ത് മുറിയില്‍ ഉറങ്ങാതിരിക്കുകയായിരുന്നു. വെടിയൊച്ച കേട്ട് ക്ഷേത്രപാലകര്‍ ഓടിയെത്തുകയും മൂന്ന് പേര്‍ പൂജാരിയെ വെടിവച്ച് ഓടി രക്ഷപ്പെടുന്നത് കാണുകയും ചെയ്തിരുന്നു. ഉടന്‍ പൂജാരിയെ ആശുപത്രിയിലെത്തിച്ചു. ഇയാള്‍ വെടിയേറ്റ് ചികിത്സയിലാണ്. സംഭവത്തില്‍ മഹന്ത് ആണ് അമര്‍ സിംഗിനെതിരെ പൊലീസില്‍ കൊലപാതകശ്രമത്തിന് കേസ് നല്‍കിയത്.
നാടന്‍ തോക്കും ഏഴ് കാട്രിഡ്ജും ഒരു മൊബൈല്‍ ഫോണും കണ്ടെടുത്തിട്ടുണ്ട്. ഇലക്ട്രോണിക് തെളിവുകള്‍, സാക്ഷി മൊഴികള്‍, മറ്റ് കാര്യങ്ങള്‍ എന്നിവയില്‍ അന്വേഷണം നടത്തിയ പൊലീസ് യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തുകയായിരുന്നു. ഏഴ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളില്‍ ഒരാള്‍ ഒളിവിലാണ്. ഇതോടെ നിലവില്‍ പ്രതികളെന്ന് കണ്ടെത്തി അറസ്റ്റ് ചെയ്ത അമര്‍ സിംഗിനെയും സഹായിയെയും പൊലീസ് റിലീസ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam