
തിരുവനന്തപുരം: വിഴിഞ്ഞത് വൃദ്ധയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലാവുകയും കോവളത്ത് പതിനാലുകാരിയെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം നേരിടുകയും ചെയ്യുന്ന റഫീഖയ്ക്കും മകനും എതിരെ മറ്റൊരു കൊലപാതക കേസിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
വിഴിഞ്ഞം കല്ലുവെട്ടാംകുഴി തുംബ്ലിയോട് അഞ്ച് വർഷം മുൻപ് ദുരൂഹ സാഹചര്യത്തിൽ സ്ത്രീ മരിച്ചു കിടന്ന സംഭവത്തിലാണ് മുല്ലൂർ കോവളം കൊലപാതകത്തിൽ പിടിയിലായ റഫീഖയ്ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നത്. വാട്ടർ അതോറിറ്റിയിൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയായിരുന്ന വിജയലക്ഷ്മി എന്ന മോളിയെ വീടിന് സമീപം വഴിയിൽ മരിച്ചു കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. രാത്രി പന്ത്രണ്ട് മണിക് ശേഷമാണ് ഇവർ മരിച്ചു കിടക്കുന്നത് അയൽവാസികൾ കാണുന്നത്.
റഫീഖയ്ക്ക് വാടകയ്ക്ക് വീട് ശരിയാക്കുന്നതിനായി അയൽവാസി വിളിച്ചതനുസരിച്ച് വൈകിട്ട് 7.30 ന് മോളി വീട്ടിൽ നിന്നും പോയിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് അന്നേ നാട്ടുകാർ ആരോപിച്ചിരുന്നു. എന്നാൽ മോളിയുടെ വീട്ടുകാർ പരാതി നല്‍കിയിരുന്നില്ല. ശാരീരിക വൈകല്യം ഉണ്ടായിരുന്ന മോളി അവിവാഹിതയായിരുന്നു. 45 വയസ്സായിരുന്നു മരണപ്പെടുമ്പോൾ പ്രായം. റഫീഖയും മകനും മോളിയുടെ വീട്ടിലെ നിത്യസന്ദർശകരായിരുന്നുവെന്നും രാത്രിയിൽ മോളിയോടൊപ്പം തങ്ങാറുണ്ടായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. പോലീസ് ഇക്കാര്യവും വിശദമായി അന്വേഷിക്കുന്നുണ്ട്.
വിഴിഞ്ഞത്ത് ശാന്തകുമാരി എന്ന സ്ത്രീയെ കൊലപ്പെടുത്തിയ റഫീഖയും മകൻ ഷെഫീഖും തന്നെയാണ് ഒരുവർഷം മുമ്പ് ഗീതു എന്ന പെൺകുട്ടിയെയും കൊലപ്പെടുത്തിയതെന്ന് നേരത്തെ തെളിഞ്ഞിരുന്നു. 14 കാരിയുടെ കൊലയിലെ യഥാർത്ഥ പ്രതികളെ തിരിച്ചറിഞ്ഞത് കൊല്ലപ്പെട്ടെ പെൺകുട്ടിയുടെ അച്ഛനമ്മാർക്കെതിരെ കോവളം പൊലീസ് നടത്തിയ കൊടിയ പീഡനത്തിൻ്റെ വിവരങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു. ഈ കുടുംബത്തെ ഇന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ സന്ദർശിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam