
പൂനെ: റിയല്‍ എസ്റ്റേറ്റ് വ്യാപാരി നിഖില്‍ ഖാന്നയുടെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണവുമായി ഭാര്യ രേണുക സഹകരിക്കുന്നില്ലെന്ന് പൂനെ സിറ്റി പൊലീസ്. നിഖില്‍ മരിച്ച ദിവസം നടന്ന സംഭവങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ രേണുക തയ്യാറാകുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ഇരുവരും തമ്മിലുണ്ടായിരുന്ന തര്‍ക്കങ്ങളെ കുറിച്ച് കൂടുതല്‍ അറിയാന്‍, അവരുടെ ബന്ധുക്കളോടും സുഹൃത്തുക്കളോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൂനെ സിറ്റി പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. നിഖിലിന്റേത് കൊലപാതകമാണെന്ന് ആരോപിച്ച് പിതാവ് ഡോ. പുഷ്പരാജ് ഖാന്ന നല്‍കിയ പരാതിയില്‍ രേണുകയെ ശനിയാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച കേസിനാസ്പദമായ സംഭവം നടന്നത്. താനും നിഖിലും തമ്മില്‍ വഴക്കുണ്ടായെന്ന് പറഞ്ഞ്, രേണുക പുഷ്പരാജിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. വീട്ടിലെത്തിയ താന്‍, കിടപ്പുമുറിയില്‍ മൂക്കില്‍ നിന്ന് ചോര വാര്‍ന്ന് അബോധാവസ്ഥയില്‍ കിടക്കുന്ന നിഖിലിനെയാണ് കണ്ടതെന്ന് പുഷ്പരാജ് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ഉടന്‍ തന്നെ നിഖിലിനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇതോടെയാണ് പുഷ്പരാജ് മകന്റേത് കൊലപാതകമാണെന്നും പറഞ്ഞ് രേണുകയ്‌ക്കെതിരെ പരാതി നല്‍കിയത്.
2017ലായിരുന്നു 36കാരനായ റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായ നിഖിലും 38കാരിയായ രേണുകയും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. വിവാഹത്തിന് പിന്നാലെ പ്രശ്‌നങ്ങളും ആരംഭിച്ചെന്നാണ് പുഷ്പരാജ് പൊലീസിനോട് പറഞ്ഞത്. പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകണമെന്ന് തീരുമാനത്തിലായിരുന്നു നിഖില്‍. പ്രശ്‌നപരിഹാരത്തിനായി രേണുകയെ ഉപദേശിച്ചിട്ടും മാറ്റമൊന്നുമുണ്ടായില്ല. വീട്ടുജോലിക്കാരോടും രേണുക വഴക്കുണ്ടാക്കുന്നത് സ്ഥിരമായിരുന്നുവെന്ന് പുഷ്പരാജ് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. മൂക്കിനേറ്റ ഇടിക്ക് പിന്നാലെ തലയിലുണ്ടായ ആഘാതമാണ് മരണ കാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. 'ഇടിയേറ്റ് നിഖിലിന്റെ മൂക്കിന് പൊട്ടലുണ്ടായി. പിന്നാലെ രക്തം വാര്‍ന്ന് ബോധരഹിതനായി തറയില്‍ വീണു. തുടര്‍ന്ന് അമിതമായി രക്തസ്രാവം സംഭവിച്ചു.' വീഴ്ചക്കിടയില്‍ തല എവിടെയെങ്കിലും ഇടിച്ചിട്ടുണ്ടാവാമെന്നും പൊലീസ് പറഞ്ഞു. രേണുക കൈ കൊണ്ടാണോ നിഖിലിന്റെ മൂക്കിനിടിച്ചത് അതോ എന്തെങ്കിലും ആയുധം ഉപയോഗിച്ചാണോ എന്നും അന്വേഷിക്കുമെന്നും പൂനെ പൊലീസ് അറിയിച്ചു.
മുൻപരിചയമോ വൈരാഗ്യമോ ഇല്ല, യുവതി അധ്യാപികയെ അതിക്രൂരമായി കൊലപ്പെടുത്തി, കാരണം ഭയപ്പെടുത്തുന്നത്...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam