
മുംബൈ: പൂനെയിലെയും ദില്ലിയിലുമായി നടന്ന ലഹരിവേട്ടയിൽ 3500 കോടിയുടെ ലഹരിമരുന്ന് പിടിച്ചെടുത്തതായി പൊലീസ്. കേസിൽ ഇതുവരെ എട്ടു പേർ പിടിയിലായി. ലഹരിസംഘം ലണ്ടനിലേക്ക് കപ്പൽ മാർഗം മെഫഡ്രോൺ കടത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. ഇതിനിടെ വിഷയം രാഷ്ട്രീയ ആയുധമാക്കുകയാണ് കോൺഗ്രസ്. പൂനെയിലെ ഉപ്പ് ഫാക്ടറികളുടെയും കെമിക്കൽ യൂണിറ്റുകളുടെയും മറവിൽ ലഹരിസംഘം നിർമിച്ചത് അന്താരാഷ്ട്ര ലഹരിശൃംഖലയെന്നാണ് കണ്ടെത്തൽ.
കഴിഞ്ഞ ഒരാഴ്ച്ചക്കിടെ ദില്ലിയിലും പൂനെയിലുമായി നടന്ന പരിശോധനയിൽ 1800 കിലോ മെഫാഡ്രോണാണ് പിടിച്ചെടുത്തത്. പൂനെ കുപ് വാഡിലെ ഫാക്ടറിയിൽ നിന്നും 140 കോടിയുടെ ലഹരിയുമായി മൂന്നു പേർ കൂടി പിടിയിലായതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. മാരക രാസലഹരിയായ മെഫാഡ്രോണ് കപ്പൽ മുഖേന വിദേശത്തേക്ക് കടത്തിയതായും പൊലീസ് കണ്ടെത്തി. ദില്ലി കേന്ദ്രീകരിച്ചുളള കൊറിയർ കമ്പനി മുഖേന ഭക്ഷണ പൊതികളുടെ മറവിലായിരുന്നു വിദേശത്തേക്ക് ലഹരി കടത്തിയത്.
ഇതോടെ ലഹരിക്കടത്തിലെ അന്താരാഷ്ട്ര ബന്ധം തേടുകയാണ് പൊലീസ്. ദേശവിരുദ്ധ പ്രവറ്ത്തനങ്ങൾക്കായി പണം ഉപയോഗിച്ചിരുന്നോ എന്നും അന്വേഷിക്കും. അതേ സമയം പരിശോധന ദില്ലിയും പൂനെയിലുമായി വ്യാപിപ്പിക്കാനാണ് പൊലീസ് നീക്കം. പൂനെയിലെ വൻലഹരി വേട്ടയെ രാഷ്ട്രീയ ആയുധമാക്കുകയാണ് പ്രതിപക്ഷം. ലഹരിസംഘത്തിന്റെ ഗുജറാത്ത് ബന്ധം അന്വേഷിക്കണമെന്ന് മഹാരാഷ്ട്ര കോണ്ഗ്രസ് അധ്യക്ഷൻ നാനാ പടോലെ ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam