
കൊച്ചി: പഞ്ചാബി ഹൌസ് സിനിമയുടെ തനിയാവര്‍ത്തനം പോലെ കടബാധ്യത മൂലം മരിച്ചെന്ന് വരുത്തിതീര്‍ത്ത് മുങ്ങിയ യുവാവ് കൊച്ചിയില്‍ പിടിയില്‍. ആലുവ മുപ്പത്തടം സ്വദേശി സുധീറാണ് കോട്ടയത്ത് നിന്ന് പിടിയിലായത്.
മൂന്ന് ദിവസം മുന്‍പാണ് പെരിയാറില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവിനെ കാണുവാനില്ല എന്ന വിവരം പുറത്തുവരുന്നത്. ഇതിനെ തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്സും ആലുവ പെരിയാറില്‍ വലിയ തിരച്ചിലാണ് നടത്തിയത്. 20 മിനുട്ടോളം ആലുവ പെരിയാര്‍ മണപ്പുറത്തിന് സമീപം കടവില്‍ കണ്ട യുവാവ് കുളിക്കാന്‍ ഇറങ്ങി കാണുവാന്‍ ഇല്ലെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. ഇയാളുടെ വസ്ത്രങ്ങള്‍ കരയില്‍ തന്നെ ഉപേക്ഷിച്ചിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.
എന്നാല്‍ മൂന്ന് ദിവസമായി തിരച്ചില്‍ നടത്തിയിട്ടും മൃതദേഹം ലഭിക്കാത്ത സാഹചര്യത്തില്‍ സംഭവത്തില്‍ പൊലീസിന് സംശയം ഉടലെടുത്തു. തുടര്‍ന്നാണ് പൊലീസ് വിശദമായ അന്വേഷണത്തിലേക്ക് നീങ്ങിയത്. യുവാവ് മുങ്ങിയെന്ന് പറയുന്ന സ്ഥലത്ത് കാര്യമായ അടിയൊഴുക്കില്ല, അതിനാല്‍ തന്നെ ഒരാള്‍ മുങ്ങിപ്പോയാല്‍ കണ്ടെത്താന്‍ വലിയ പ്രയാസമില്ലെന്ന സാഹചര്യത്തിലാണ് പൊലീസിന് അസ്വഭാവികത തോന്നിയത്.
തുടര്‍ന്നാണ് ആലുവ ഈസ്റ്റ് സിഐയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം ഈ കേസ് വിശദമായി അന്വേഷിച്ചത്. തുടര്‍ന്ന് കാണാതായി എന്നു പറയുന്നത് ആലുവ മുപ്പത്തടം സ്വദേശി സുധീറാണെന്ന് പൊലീസിന് മനസിലായി. തുടര്‍ന്ന് സുധീറിന്‍റെ വീട്ടിലെത്തിയ പൊലീസ് സുധീറിന്‍റെ ഫോട്ടോ ശേഖരിക്കുകയും പൊലീസ് വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി ഇത് പ്രചരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് സുധീര്‍ കോട്ടയത്തുണ്ടെന്ന വിവരം ലഭിച്ച പൊലീസ് അവിടെ എത്തിയ സുധീറിനെ ആലുവയില്‍ എത്തിച്ചു.
"
പിന്നീടാണ് സംഭവത്തിലെ ട്വിസ്റ്റ് വെളിവാകുന്നത്. വലിയതോതില്‍ ലോട്ടറിയെടുക്കുന്ന വ്യക്തിയായിരുന്നു സുധീര്‍. ഇത് അടക്കം സുധീറിന് വലിയതോതില്‍ കടബാധ്യതയുണ്ട്. എട്ട് ലക്ഷത്തോളം രൂപയാണ് ഇയാളുടെ കട ബാധ്യത. ഇതില്‍ നിന്നും രക്ഷപ്പെടാനാണ് സുധീര്‍ മരണം കെട്ടിചമയ്ക്കാന്‍ ശ്രമിച്ചത്. പെരിയാറില്‍ മുങ്ങി മരിച്ചതായി വരുത്തി തീര്‍ക്കാനായിരുന്നു സുധീറിന്‍റെ ശ്രമം. പെരിയാറിന്‍റെ കരയില്‍ വസ്ത്രം ഉപേക്ഷിച്ച് ഇയാള്‍ കോട്ടയത്തേക്ക് കടക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam