വീണ്ടും റാഗിംങ്; സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനം; പ്ലസ് വണ്‍ വിദ്യാര്‍ത്ഥികൾ ആശുപത്രിയിൽ

By Web TeamFirst Published Jun 18, 2019, 11:00 PM IST
Highlights

ഷർട്ട് അഴിക്കാൻ ആവശ്യപ്പെട്ടിട്ട് അഴിക്കാത്ത കുട്ടികൾക്കാണ് മർദ്ദനമേറ്റത്. മുഖത്തടിച്ചെന്നും അടുത്തുള്ള കുഴിയിലേക്ക് തള്ളിയിട്ടെന്നും കുട്ടികളുടെ പരാതി

താമരശ്ശേരി:  കോരങ്ങാട് ഗവണ്‍മെന്റ് ഹയർ സെക്കന്ററി സ്‌കൂളിൽ റാഗിംങ്. സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനത്തിൽ പരിക്കേറ്റ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി.

ഇന്ന് ഉച്ചയ്ക്ക് രണ്ട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളാണ് റാഗിംങിനിരയായത്. 20 ഓളം വരുന്ന പ്ലസ്ടു വിദ്യാർത്ഥികൾ കുട്ടമായി എത്തി ഇരുവരെയും റാഗ് ചെയ്യുകകയായിരുന്നു. ഷർട്ട് അഴിക്കാൻ ആവശ്യപ്പെട്ടിട്ട് അഴിക്കാത്ത കുട്ടികൾക്കാണ് മർദ്ദനമേറ്റത്. മുഖത്തടിച്ചെന്നും അടുത്തുള്ള കുഴിയിലേക്ക് തള്ളിയിട്ടെന്നും കുട്ടികളുടെ പരാതിയിലുണ്ട്.

രക്ഷിതാക്കള്‍ എത്തിയാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. റാഗിംങിൽ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. റാഗിംങിന് ഇരയായ കുട്ടികൾ, പ്രിൻസിപ്പൽ, അധ്യാപകർ എന്നിവരിൽ നിന്ന് പൊലീസ് മൊഴിയെടുത്തു. രണ്ടുകുട്ടികളെ പൊലീസ് തിരിച്ചറി‌ഞ്ഞിട്ടുണ്ട്. 

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളാണ് പ്രതിസ്ഥാനത്ത് എന്നിരിക്കെ കൂടുതൽ കൂടിയാലോചനകൾക്ക് ശേഷമായിരിക്കും തുടർനടപടി എന്ന് പൊലീസ് അറിയിച്ചു. അതേസമയം വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ എത്തിക്കാന്‍ അധ്യാപകര്‍ ആദ്യം തയ്യാറായില്ലെന്നാരോപിച്ച് രക്ഷിതാക്കള്‍ സ്കൂളിലെത്തി ബഹളം വെച്ചു.

click me!