
പാലക്കാട്: തൃശൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി ഹംസയുടെ വീട്ടിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത 9.65 ലക്ഷം രൂപയും സ്വർണാഭരണങ്ങളും കണ്ടെടുത്തു. നിരവധി ഭൂമിയിടപാടിന്‍റെ രേഖകളും വിജിലൻസ് ശേഖരിച്ചിട്ടുണ്ട്. കൊച്ചിയിൽ നിന്നുളള പ്രത്യേക സംഘമാണ് പാലക്കാട്ടെത്തി പരിശോധന നടത്തിയത്.
അനധികൃത സ്വത്ത് സമ്പാദനം, അഴിമതി എന്നിവയെക്കുറിച്ച് നിരവധി പരാതികൾ കിട്ടിയതിന്‍റെ അടിസ്ഥാനത്തിലായിരുന്നു വിജിലൻസ് റെയ്‍ഡ്. എറണാകുളം വിജിലൻസ് പ്രത്യേക കോടതി വി ഹംസക്കെതിരെ കേസെടുത്തെന്നാണ് സൂചന. ഇതിന്‍റെ അടിസ്ഥാനത്തിൽ എറണാകുളം വിജിലൻസ് സ്പെഷ്യൽ സെൽ ഡിവൈഎസ്പി ടി യു സജീവന്‍റെ നേതൃത്വത്തിലാണ് 10 മണിക്കൂറോളം പാലക്കാട് ഒതുങ്ങോടുള്ള വീട്ടിൽ പരിശോധന നടത്തിയതെന്നാണ് പൊലീസ് വൃത്തങ്ങൾ അറിയിക്കുന്നത്.
23.5 പവൻ സ്വർണാഭരണങ്ങൾ, ചിറ്റൂർ, ഒറ്റപ്പാലം, ചെർപ്പുളശ്ശേരി എന്നിവങ്ങളിലെ ഭൂമിയിടപാട് സംബന്ധിച്ച രേഖകൾ, ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന ആഡംബര വാച്ച് എന്നിവ വിജിലൻസ് സംഘം കണ്ടെടുത്തു. പാലക്കാട്ടും തിരുവനന്തപുരത്തും ഇയാൾ വാങ്ങിക്കൂട്ടിയ വീടുകളുടെ വിശദാംശങ്ങളും അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട്.
കട്ടിലിനടിയിൽ ഒളിപ്പിച്ച രീതിയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. ഹംസയുടെയും ഭാര്യയുടെയും പേർക്കുളള ആറ് ആധാരങ്ങളും റെയ്‍ഡിൽ കണ്ടെത്തിയിട്ടുണ്ട്. ഇദ്ദേഹത്തിനെതിരെ നേരത്തെ നിരവധി തവണ പരാതികൾ ഉയർന്നിരുന്നെങ്കിലും രാഷ്ട്രീയ സ്വാധീനവും പൊലീസ് അസോസിയേഷനിലെ പിടിപാടും കൊണ്ട് രക്ഷപ്പെടുകയായിരുന്നെന്നാണ് ആരോപണം. കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ സമഗ്ര റിപ്പോർട്ട് ഉടൻതന്നെ വിജിലൻസ് ഡയറക്ടർക്ക് സമർപ്പിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam