
പത്തനംതിട്ട : കോയിപ്രം രമാദേവി കൊലക്കേസിൽ വൻ ട്വിസ്റ്റാണ് ഇന്നുണ്ടായത്. 17 വര്‍ഷത്തിന് ശേഷം പ്രതി ഭര്‍ത്താവാണെന്ന് കണ്ടെത്തി അറസ്റ്റുണ്ടായിരിക്കുന്നു. ശാസ്ത്രീയമായ തെളിവുകളെല്ലാം ഉണ്ടായിട്ടും രമാദേവി കേസ് തുടക്കം മുതൽ അട്ടിമറിക്കപ്പെട്ടതാണ് പ്രതിയായ ജനാർദ്ദനന് 17 വര്‍ഷം പിടിയിലാകാതെ വിഹരിക്കാൻ തുണയായത്. മൃതദേഹത്തിൽ നിന്ന് കിട്ടിയ മുടിയിഴകളുടെ പരിശോധനാഫലം പോലും മൂടിവയ്ക്കപ്പെട്ടു.
കൈക്കൂലി കേസിൽ പിടിയിലായ ഡോക്ടറുടെ വീട്ടിൽ നോട്ട് കെട്ടുകളുടെ കൂമ്പാരം: അമ്പരന്ന് വിജിലൻസ്
2006 ൽ രമാദേവി കൊലകേസ് ആദ്യം അന്വേഷിച്ച കോയിപ്രം പൊലീസിൽ തുടങ്ങിയതാണ് അട്ടിമറിയെന്ന സംശയം. ആദ്യ മണിക്കൂറുകളിൽ നടക്കേണ്ട തെളിവുകൾ ശേഖരണം പോലും വൈകി. ദിവസങ്ങൾക്ക് ശേഷമാണ് കിണർ പറ്റിച്ച് രമാദേവിയെ വെട്ടിക്കൊല്ലാൻ ഉപയോഗിച്ച കത്തി കണ്ടെത്തിയത്. മരിച്ചു കിടന്ന രമാദേവിയുടെ രണ്ടു കൈകളിലുമായി ഭർത്താവ് ജനാർദ്ദനന്റെ 40 മുടിയിഴകൾ ഉണ്ടായിരുന്നു. ഇതിന്റെ പരിശോധനയും, പരിശോധന ഫലവും എല്ലാം വൈകി.
ഒടുവിൽ നാലു വർഷത്തിനിപ്പുറം ഫോറൻസിക് റിപ്പോർട്ട് ക്രൈംബ്രാഞ്ചിന് കിട്ടിയെങ്കിലും അന്വേഷണത്തിൽ പുരോഗതി ഉണ്ടായില്ല. സംഭവം നടന്ന വീടും വസ്തുവും എല്ലാം ജനാർദ്ദനൻ ഇതിനിടെ വിറ്റിരുന്നു. പലപ്പോഴായി മാറിമാറി വന്ന അന്വേഷണസംഘം രമാദേവിയുടെ അയൽവാസിയായിരുന്ന തമിഴ്നാട്ടുകാരൽ ചുടല മുത്തുവിനെ കേന്ദ്രീകരിച്ചു മാത്രം അന്വേഷണം നടത്തി. ചുടല മുത്തു ഇന്നും കാണാമറയത്താണ്.
നാട്ടുകാരിൽ പലരും സംശയം പറഞ്ഞിട്ടും ജനാർദ്ദനങ്ങളിലേക്ക് നേരിട്ട് എത്താതെ അന്വേഷണം മറ്റ് ഇടങ്ങളിലേക്ക് മാറി. അല്ലെങ്കിൽ ആരൊക്കെയോ ചേർന്ന് വഴിതിരിച്ചുവിട്ടു. രാഷ്ട്രീയ സ്വാധീനത്തിലോ മറ്റോ കേസ് അട്ടിമറിക്കുകയാണെന്ന് ആക്ഷൻ കൗൺസിൽ അടക്കം അന്ന് ആരോപിച്ചതാണ്. ഏറ്റവും ഒടുവിൽ കഴിഞ്ഞ ഒരു വർഷമായാണ് തിരുവല്ല ക്രൈം ബ്രാഞ്ചിൽ പുതുതായി എത്തിയ ഡിക്ടീവ് ഇൻസ്പെക്ടർ സുനിൽ രാജ് കേസിലെ നിഗൂഢത മാറ്റിയത്.
ലോക്കൽ പൊലീസ് അന്വേഷിച്ച് ശേഖരിച്ച കേസ് ഡയറിയിലെ തെളിവുകൾ കോർത്തിണക്കി വളരെ വേഗം ജനാർദ്ദനിലേക്ക് ഈ ഉദ്യോഗസ്ഥൻ എത്തി. ഒടുവിൽ ചോദ്യം ചെയ്യാൻ തിരുവല്ല ക്രൈംബ്രാഞ്ച് ഓഫീസിൽ വിളിച്ചു വരുത്തിയ ജനാർദ്ദനന് മുന്നിൽ ശാസ്ത്രീയ തെളിവുകൾ നിരത്തി. പിടിച്ചുനിൽക്കാനാകാതെ പ്രതി കുറ്റം സമ്മതിച്ചു. ഭാര്യയുടെ മേലുള്ള സംശയമാണ് വെട്ടിക്കൊല്ലാൻ കാരണമെന്ന് തുറന്നു പറഞ്ഞു. റിമാൻഡിലായ ജനാർദ്ദനനെ ഇനി കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ തന്നെയാണ് ക്രൈം ബ്രാഞ്ചിന്റെ തീരുമാനം. കേസന്വേഷണത്തിൽ വന്ന അട്ടിമറി കൂടി അന്വേഷിക്കണം എന്ന ആവശ്യവും സജീവമാണ്.