പോക്സോ കേസില്‍ അറസ്റ്റിലായ ലിംഗായത്ത് സന്യാസിക്ക് ജാമ്യമില്ല; അപേക്ഷ കോടതി തള്ളി

By Web TeamFirst Published Sep 6, 2022, 12:03 AM IST
Highlights

ഈ മാസം രണ്ടാം തീയതി രാത്രിയാണ് ചിത്രദുര്‍ഗയില്‍ നിന്ന് സന്യാസിയെ അറസ്റ്റ് ചെയ്തത്.  അറസ്റ്റിലായതിന് പിന്നാലെ നെഞ്ചുവേദനയെ തുടര്‍ന്ന്  മൂന്നാം തീയതി രാവിലെ സന്യാസിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ബെംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ലിംഗായത്ത് സന്യാസി ശിവമൂർത്തി മുരുഘ ശരണാരുവിന് ജാമ്യമില്ല. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടികാട്ടി നല്‍കിയ ജാമ്യഹര്‍ജി കോടതി തള്ളി. പതിനാല് ദിവസത്തേക്ക് കൂടി ശിവമൂർത്തി മുരുഘ ശരണാരുവിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിത്രദുര്‍ഗയില്‍ നിന്ന് സന്യാസിയെ അറസ്റ്റ് ചെയ്തത്. 

പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ വലിയ ജനകീയ പ്രതിഷേധം ഉയര്‍ന്നതിന് ഒടുവിലായിരുന്നു അറസ്റ്റ്. കര്‍ണാടകയിലെ നിര്‍ണായക വോട്ടുബാങ്കായ ലിംഗായത്ത് മഠത്തിന് രാഷ്ട്രീയ നേതൃത്വങ്ങളുമായി ഉന്നത ബന്ധമാണ് ഉള്ളത്. ലിംഗായത്ത് മഠം തന്നെ നടത്തുന്ന സ്കൂളിലെ രണ്ട് വിദ്യാര്‍ത്ഥിനികളെ ഹോസ്റ്റലില്‍ വച്ച് മൂന്ന് വര്‍ഷത്തോളം സന്യാസി പീഡിപ്പിച്ചെന്നാണ് കേസ്.

ഈ മാസം രണ്ടാം തീയതി രാത്രിയാണ് ചിത്രദുര്‍ഗയില്‍ നിന്ന് സന്യാസിയെ അറസ്റ്റ് ചെയ്തത്.  അറസ്റ്റിലായതിന് പിന്നാലെ നെഞ്ചുവേദനയെ തുടര്‍ന്ന്  മൂന്നാം തീയതി രാവിലെ സന്യാസിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അതേസമയം വിദഗ്ധ പരിശോധന നടത്തിയതിന്റെ രേഖകൾ ഹാജരാക്കാൻ കോടതി പൊലീസിനോട് ആവശ്യപെട്ടു. ജുഡീഷ്വൽ അനുമതി വാങ്ങാതെ സന്യാസിയെ ആശുപത്രിയിലേക്ക് മാറ്റിയതിനെ കോടതി വിമർശിച്ചു. 

സ്കൂൾ ഹോസ്റ്റല്‍ വിട്ടിറങ്ങിയ പെണ്‍കുട്ടികള്‍ ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എന്‍ ജി ഒയെ സമീപിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. പിന്നീട് ശിശുസംരക്ഷണ സമിതി വഴി പൊലീസിനെ സമീപിച്ചതോടെ സന്ന്യാസിക്കെതിരെ കേസെടുത്തു. അറസ്റ്റ് വൈകിയതിൽ പ്രതിഷേധം കനക്കുന്നതിനിടെയായിരുന്നു അറസ്റ്റ്.

കര്‍ണാടകത്തിലെ നിര്‍ണായക വോട്ടു ബാങ്കാണ് ലിംഗായത്ത്. ബിജെപി, കോണ്‍ഗ്രസ്, ജെഡിഎസ് നേതൃത്വങ്ങള്‍ വലിയ അടുപ്പമാണ് മഠവുമായി പുലര്‍ത്തുന്നത്. കര്‍ണാടകത്തില്‍ തെരഞ്ഞെടുപ്പ് കൂടി അടുത്തിരിക്കേ ലിംഗായത്ത് വിഭാഗത്തിലെ സന്യാസിക്ക് എതിരെ നടപടിയെടുക്കാൻ ആദ്യ ഘട്ടത്തിൽ സര്‍ക്കാര്‍ മടിച്ചെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

Read More : വയനാട്ടില്‍ കാർ യാത്രികരെ തടഞ്ഞുനിർത്തി മര്‍ദ്ദിച്ചു, വാഹനം തല്ലിത്തകര്‍ത്തു; പിന്നില്‍ മയക്കുമരുന്ന് സംഘം
 

click me!