വയനാട്ടില്‍ കാർ യാത്രികരെ തടഞ്ഞുനിർത്തി മര്‍ദ്ദിച്ചു, വാഹനം തല്ലിത്തകര്‍ത്തു; പിന്നില്‍ മയക്കുമരുന്ന് സംഘം

By Web TeamFirst Published Sep 5, 2022, 11:37 PM IST
Highlights

വയനാട് ജില്ലയിലെ മുട്ടിലിൽ നിന്ന് കൊടകിലേക്ക് പോവുകയായിരുന്ന സഹോദരങ്ങളെയാണ് കാറിലും ബൈക്കിലുമെത്തിയ നാലംഗ സംഘം തടഞ്ഞുനിർത്തി ആക്രമിച്ചത്

മീനങ്ങാടി: വയനാട് മീനങ്ങാടിയിൽ കാർ യാത്രികരെ നാലംഗ സംഘം തടഞ്ഞുനിർത്തി മർദിച്ചു. കുടക് സ്വദേശികളായ സഹോദരങ്ങൾക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് മീനങ്ങാടി ടൗണിന് സമീപമാണ് സംഭവം. കുടുംബത്തോട് മുൻ വൈരാഗ്യമുള്ള മയക്കുമരുന്ന് സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന് ലഭിച്ച പരാതി.

വയനാട് ജില്ലയിലെ മുട്ടിലിൽ നിന്ന് കൊടകിലേക്ക് പോവുകയായിരുന്ന സഹോദരങ്ങളെയാണ് കഴിഞ്ഞ ദിവസം കാറിലും ബൈക്കിലുമെത്തിയ നാലംഗ സംഘം തടഞ്ഞുനിർത്തി ആക്രമിച്ചത്. കാർ അടിച്ച് തകർക്കുകയും സഹോദരങ്ങളായ ആസിയ, സഫ്‍വാൻ എന്നിവരെ മർദിക്കുകയും ചെയ്തു. ആസിയയുടെ ഭർത്താവ് കബീർ മാസങ്ങൾക്ക് മുൻപ് വയനാട്ടിലെ മയക്കുമരുന്ന് സംഘത്തെ കുറിച്ച് പൊലീസിൽ വിവരം നൽകിയിരുന്നു. ഈ വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പരാതി. 

ആക്രമണത്തില്‍ ാസിയയുടെ കൈക്ക് പരിക്കേറ്റിരുന്നു. ഇവരെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. അതേസമയം മയക്കുമരുന്ന് സംഘത്തിലുൾപ്പെട്ട മലപ്പുറം, വയനാട് സ്വദേശികളായ അജ്മൽ, ഷാഫി , സിനാൻ എന്നിവരാണ് തങ്ങളെ മർദിച്ചതെന്ന് പരാതിക്കാർ പറയുന്നു. കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മീനങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Read More : കഞ്ചാവ് ചെടിയുടെ കുരു ഉപയോഗിച്ച് ഷെയ്ക്ക്; കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റില്‍ പരിശോധന, കേസ്

click me!